തീരാനോവായി വയനാട്; മരണം 385 ആയി, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം നാളിലേക്ക്, നിയന്ത്രണം

കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണം 385 ആയി. ചാലിയാറില്‍ തിരച്ചിലിനിടെ, ഇന്നലെ മാത്രം 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്.

വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. ചൂരല്‍മലയിലും മുണ്ടക്കൈയിലും തിരച്ചില്‍ നടത്തും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രണങ്ങളോടെയായിരിക്കും ഇന്നത്തെ തിരച്ചില്‍. ചൂരല്‍മലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തും. ചൂരല്‍മലയ്ക്ക് മുകളിലേക്ക് പാസ് നല്‍കി മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ. 

ചാലിയാര്‍ പുഴയിലും ഇന്നും തിരച്ചില്‍ തുടരും. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും 8 മണിയോടെ തിരച്ചില്‍ സംഘം ഇറങ്ങും. ഇന്നലെ തിരച്ചിലിന് പോയി വനത്തില്‍ അകപ്പെട്ടവര്‍ ഇന്ന് തിരികെയെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തന്‍പാറയില്‍ കണ്ട മൃതദേഹം എടുക്കുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്നാണ് ഇവരുടെ തിരിച്ചു വരവ് തടസപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാല്‍ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് അവര്‍ വനത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. അതിനിടെ, തുടര്‍ച്ചായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളാണ് തുറക്കുക.

 

Be the first to comment

Leave a Reply

Your email address will not be published.


*