സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും 1382 പിജി ഡോക്ടർമാരാണ് മറ്റാശുപത്രികളിലേയ്ക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറൽ ആശുപത്രികളിൽ നിന്നും റഫറൽ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം. ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രൊഫഷണൽ രംഗത്ത് കൂടുതൽ മികവാർന്ന പ്രവർത്തനം നടത്താൻ പിജി വിദ്യാർത്ഥികൾക്ക് സാധിക്കും. സാധാരണക്കാരായ രോഗികൾക്ക് സഹായകരമായ രീതിയിൽ എല്ലാവരും സേവനം നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്ന ജില്ലാ റസിഡൻസി പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ജനറൽ ആശുപത്രി അപെക്സ് ട്രെയിനിംഗ് സെന്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമാണ് ഈ സർക്കാർ യാഥാർത്ഥ്യമാക്കിയത്. മെഡിക്കൽ കോളേജുകളിലെ രണ്ടാം വർഷ പിജി ഡോക്ടർമാരെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കാണ് നിയമിച്ചത്. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. 100 കിടക്കകൾക്ക് മുകളിൽ വരുന്ന താലൂക്കുതല ആശുപത്രികൾ മുതലുള്ള 78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്.
പിജി വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനും അതിലൂടെ ലഭ്യമാകുന്ന ചികിത്സയിലും രോഗീപരിചരണത്തിലുമുള്ള അനുഭവങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും സഹായകരമാകും. താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളുടെ ഭരണസംവിധാനങ്ങൾ, ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടി, സംസ്ഥാന, ദേശീയ ആരോഗ്യ പദ്ധതികൾ എന്നിവ അടുത്തറിയാനാകുന്നു. എല്ലാവരും ഈ സിസ്റ്റത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയെ ചേർത്ത് പിടിക്കണം.
ജില്ലാ റെസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി 75 പിജി ഡോക്ടർമാരെയാണ് തിരുവനന്തപുരം ജില്ലയിൽ നിയമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 57, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് 9, സിഎസ്ഐ മെഡിക്കൽ കോളേജ് കാരക്കോണം 6, ആർസിസി 3 എന്നിവിടങ്ങളിൽ നിന്നാണ് നിയമിക്കുന്നത്. ജനറൽ ആശുപത്രി തിരുവനന്തപുരം 33, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 6, നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റൽ 12, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി 4, പേരൂർക്കട ജില്ലാ മാനസികാരോഗ്യ കേന്ദ്രം 3, നെടുമങ്ങാട് ജില്ലാ ആശുപത്രി 8, പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി 1, പാറശാല താലൂക്ക് ഹെഡ് കോർട്ടേഴ്സ് ഹോസ്പിറ്റൽ 4, ചിറയൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ 4 എന്ന ക്രമത്തിലാണ് പിജി ഡോക്ടർമാരുടെ സേവനം തിരുവനന്തപുരം ജില്ലയിൽ ലഭ്യമാക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദ്, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. കലാ കേശവൻ, ആർ.സി.സി. ജോയിന്റ് ഡയറക്ടർ ഡോ. സജീദ്, തിരുവനന്തപുരം ഡി.എം.ഒ. ഡോ. ബിന്ദു മോഹൻ, അഡീ. ഡി.എം.ഒ. ഡോ. സി.ആർ. ജയശങ്കർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എസ്. ഷീല, ഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലളിത കൈലാസ്, കാരക്കോണം സി.എസ്.ഐ. മെഡിക്കൽ കോളേജ് മാനേജിംഗ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, കേരള മെഡിക്കൽ പി.ജി. അസോസിയേഷൻ പ്രസിഡണ്ട് ഡോ. ഇ.എ. റുവൈസ് എന്നിവർ പങ്കെടുത്തു.
Be the first to comment