
കൽപ്പറ്റ: പഠിക്കാനും കളിക്കാനും ശ്രീഹരി പോയിരുന്ന സ്കൂളിനിയില്ല. സംഭവിച്ചത് എന്താണെന്ന് അറിയില്ലെങ്കിലും സ്കൂളില്ലെന്ന് മാത്രം അവനറിയാം. മൂന്ന് വയസ്സുകാരനായ ശ്രീഹരി ചേച്ചിമാർക്കൊപ്പം മേപ്പാടിയിലെ ക്യാമ്പിലാണ്. വെള്ളാർമല സ്കൂളിലാണ് ശ്രീഹരിയും ചേച്ചിമാരും പഠിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ പെട്ടുപോയെങ്കിലും ചേച്ചിമാരായ ശുഭശ്രീയും ഇവശ്രീയും ശ്രീഹരിയെ ചേർത്ത് പിടിച്ചു. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിലാണെങ്കിലും തങ്ങളുടെ കുഞ്ഞനുജൻ കൂടെയുണ്ടെന്നതാണ് ഇവയുടെയും ശുഭയുടെയും സന്തോഷവും ആശ്വാസവും.
ചൂരൽമല എച്ച് എസ് റോഡിനടുത്തുള്ള പടവെട്ടിക്കുന്നിലാണ് ഇവരുടെ വീടുള്ളത്. ഇന്ന് അവിടെ ആ വീടില്ല, എല്ലാം ഒലിച്ചുപോയി. ആദ്യത്തെ ഉരുൾപൊട്ടലിൽ ഇരച്ചെത്തിയ വെള്ളത്തിൽ ഇവയും ശുഭയും ശ്രീഹരിയും അമ്മ സെൽവിയും ഒലിച്ചുപോയി. അച്ഛൻ ശ്രീധരൻ മലേഷ്യയിലാണ്. മഴ കൂടിയതോടെ പേടിച്ച് അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു.
കുത്തിയൊഴുകുന്ന വെള്ളത്തിൽ കിട്ടിയ വള്ളിയിൽ പിടിച്ച് ശുഭ സഹോദരി ഇവയെയും ശ്രീഹരിയെയും കൂട്ടിപ്പിടിച്ചു. സെൽവിയും എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. ഏറെ ശ്രമപ്പെട്ട് കരുതിയ ഒന്നര ലക്ഷം രൂപയും ഇവരുടെ കൈയ്യിലുണ്ടായിരുന്നു. എല്ലാം ഒഴുകിപ്പോയ കൂട്ടത്തിൽ അതും പോയി. എന്നാൽ മക്കളും താനും ജീവനോടെയുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് സെൽവി.
Be the first to comment