
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. ലോറി ഉണ്ടെന്ന് കരുതുന്ന ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക് മുകളിലായി 50 മീറ്ററലധികം ഉയരത്തില്‍ മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ്പി നാരായണ പറഞ്ഞു. പ്രദേശത്ത് ഇടവിട്ട് ഇടവിട്ട് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. ഉച്ചയോടെ കൃത്യമായ വിവരം നല്‍കാനാകുമെന്ന് എസ്പി പറഞ്ഞു.
മംഗളൂരുവില്‍ നിന്ന് അത്യാധുനിക റഡാര്‍ സ്ഥലത്തെത്തിച്ചു. മണ്ണിനടയിലും പുഴയിലും റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഉടന്‍ തുടങ്ങും. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുക. കൂടുതല്‍ സാങ്കേതിക വിദഗ്ധര്‍ ഉടന്‍ സ്ഥലത്തെത്തുമെന്നും ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. ലോറി പുഴയില്‍ പോയിരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും പുഴയിലും പരിശോധന തുടരുമെന്നും കലക്ടര്‍ പറഞ്ഞു.
‘രക്ഷാപ്രവര്‍ത്തനം ആറുമണിക്ക് തന്നെ ആരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെക്നിക്കല്‍ സഹായത്തിനായി ഒരാള്‍ കൂടി എത്തുന്നുണ്ട്. എന്‍ഐടി കര്‍ണാടകയിലെ പ്രൊഫസറാണ് എത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ എന്ന ഡിവൈസുമായാണ് അദ്ദേഹം വരുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും’- കലക്ടര്‍ പറഞ്ഞു.
നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എഴുപതിലേറെ പേര്‍ സ്ഥലത്തുണ്ട്. അര്‍ജുനെ കൂടാതെ മറ്റ് രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവരില്‍ ഒരു സ്ത്രീയുമുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 400 മീറ്റര്‍ ഉയരത്തിലുള്ള ചെളി നീക്കം ചെയ്തിട്ടുണ്ട്. ജിപിഎസ് ലൊക്കേഷന്‍ കാണിക്കുന്ന സ്ഥലത്തെ മധ്യഭാഗത്താണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തെ ഉള്‍പ്പെടുത്തണമെന്നാണ് അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യം.
Be the first to comment