‘സ്റ്റേജ് നിർമിച്ചത് അശാസ്ത്രീയമായി’- കലൂർ അപകടത്തിൽ പ്രോസിക്യൂഷൻ; എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദം​ഗ വിഷൻ എംഡി എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം. ഈ മാസം ഏഴ് വരെയാണ് ജാമ്യം അനുവദിച്ചത്. നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് വേദിയിൽ നിന്നു വീണ് ​ഗുരുതര പരിക്കേറ്റതിനു പിന്നാലെയാണ് നികോഷ് കുമാർ കീഴടങ്ങിയത്.

ഇന്നലെ ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നികോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യാപേക്ഷയിൽ ഈ മാസം ഏഴിന് കോടതി വിധി പറയും. ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകി.

ജാമ്യ ഹർജിക്കിടെ പ്രോസിക്യൂഷൻ വാദം രൂക്ഷമായിരുന്നു. സ്റ്റേജിന്റെ നിർമാണം അശാസ്ത്രീയമായിരുന്നു. മതിയായി പാസേജും കൈവരിയും ഇല്ലായിരുന്നു. 10 അടി താഴ്ചയിലേക്ക് വീഴാനുള്ള എല്ലാ അവസരവും അവിടെ ഒരുക്കി. ഉപേക്ഷയും അശ്രദ്ധയും സ്റ്റേജ് നിർമാണത്തിലുണ്ടായി. സുരക്ഷ പാലിക്കാത്തത് അപകടത്തിനു വഴിയൊരുക്കിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മതിയായ നീളവും വീതിയും സുരക്ഷയും ഉണ്ടായിരുന്നുവെന്നു പ്രതിഭാ​ഗം വാദിച്ചു. വിഐപികൾ പങ്കെടുത്ത ചടങ്ങിന്റെ സുരക്ഷ പോലീസ് പരിശോധിക്കണം. പോലീസിനോടു സുരക്ഷ ആവശ്യപ്പെട്ടിരുന്നുവെന്നും പ്രതിഭാ​ഗത്തിന്റെ വാദത്തിൽ പറയുന്നു. മന്ത്രിയും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. 308ാം വകുപ്പ് ചുമത്തേണ്ട കാര്യമില്ലെന്നും പ്രതി ഭാ​ഗം വാദിച്ചു. പ്രശ്നം ഉണ്ടെങ്കിൽ പറയണമായിരുന്നു. അപകടം നടന്നിട്ടു തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിഭാ​ഗം വാദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*