കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സർക്കാരുമായി സംസ്ഥാനം നടത്തിയ ചർച്ച പരാജയപ്പെട്ടു

തിരുവനന്തപുരം : കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സർക്കാരുമായി സംസ്ഥാനം നടത്തിയ ചർച്ച പരാജയപ്പെട്ടു. കേരളം ആവശ്യപ്പെട്ട അധിക തുക നല്‍കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അധികമായി 19,370 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. നേരത്തെ കേരളത്തിന് 13600 കോടി കടമെടുക്കാന്‍ അനുമതി സുപ്രീംകോടതി നല്‍കിയിരുന്നു. കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രവും അറിയിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ചയില്‍ ചില ഉപാധികളോടെ കേരളത്തിന് ഈ തുക കടമെടുക്കാമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിക്കണമെന്നായിരുന്നു പ്രധാന ഉപാധി.

എന്നാല്‍ ആ ഉപാധിയില്‍ കേന്ദ്രത്തിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ഉപാധി മാറ്റിവെക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനുള്ള അവകാശം കേരളത്തിനുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, ഇടക്കാല ഉത്തരവ് നല്‍കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇടക്കാല ഉത്തരവില്ലാതെ തന്നെ കേരളത്തിന് 13600 കോടി കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം പറയുകയായിരുന്നു. തുടര്‍ന്ന് ഇടക്കാല ഉത്തരവ് ഇറക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീം കോടതി 13600 കോടി വായ്പയെടുക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.

ഈ തുക കൊണ്ട് കേരളത്തിന്റെ പ്രതിസന്ധി തീരില്ലെന്ന് കേരളം വാദിച്ചു. രണ്ടാഴ്ച അവസാനിച്ചാല്‍ ഈ വര്‍ഷം വായ്പയെടുക്കാന്‍ സാധിക്കില്ലെന്നും 15000 കോടി കൂടി വായ്പയെടുക്കാന്‍ അനുവദിക്കണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*