
രൂപസാദൃശ്യമില്ലെന്ന വിമർശനത്തെ തുടർന്ന് പാർട്ടി ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മറ്റെവിടെയങ്കിലും സ്ഥാപിക്കാൻ സിപിഐ. രൂപസാദൃശ്യത്തിലെ കുറവ് ശിൽപ്പി പരിഹരിച്ച ശേഷം തലസ്ഥാന നഗരത്തിൽ എവിടെ എങ്കിലും പ്രതിമ സ്ഥാപിക്കും. രണ്ട് ലക്ഷം രൂപ ചിലവിട്ടാണ് പ്രതിമ നിർമ്മിച്ചത്.
സി.പി.ഐയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച എം.എൻ ഗോവിന്ദൻ നായരുടെ പ്രതിമ രൂപസാദൃശ്യമില്ലെന്ന് വിമർശനം പാർട്ടി നേതാക്കളിൽ നിന്നും എം.എൻ ഗോവിന്ദൻ നായരുടെ ബന്ധുക്കളിൽ നിന്നും ഉണ്ടായ വിമർശനത്തെ തുടർന്നാണ് സ്ഥാപിച്ച് രണ്ടാഴ്ച്ചക്കകം തന്നെ പ്രതിമ നീക്കം ചെയ്തത്. രൂപ സാദൃശ്യമില്ലെന്ന വിമർശനത്തെ തുടർന്ന് പാർട്ടി ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത പ്രതിമ അങ്ങനെയങ്ങ് വിട്ടുകളയാൻ സി.പി.ഐ നേതൃത്വം ഒരുക്കമല്ല.
സിപിഐ രണ്ട് ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച പ്രതിമയുടെ രൂപസാദൃശ്യക്കുറവ് പരിഹരിച്ച് നൽകാമെന്ന് ശിൽപ്പി ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനുശേഷം നഗരത്തിലെ ഏതെങ്കിലും കേന്ദ്രത്തിൽ പ്രതിമ സ്ഥാപിക്കാനാണ് ആലോചന. ഇപ്പോൾ തന്നെ പട്ടത്ത് എം.എൻെറ പ്രതിമയുണ്ട്. ഇതിനുപുറമെ ഹൗസിങ്ങ് ബോർഡ് ജങ്ഷനിൽ എം.എൻ.സ്ക്വയർ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം നഗരസഭയുമായ ചർച്ച ചെയ്ത് വരികയാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
Be the first to comment