മുംബൈ: കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയുടെ ഈയാഴ്ചത്തെ വ്യാപാരത്തിന്റെ തുടക്കം നേട്ടത്തോടെ. ബിഎസ്ഇ സെന്‍സെക്‌സ് 500 ഓളം പോയിന്റ് ആണ് തിരിച്ചുകയറിയത്. 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ പോയ സെന്‍സെക്‌സ് വീണ്ടും 80000ലേക്ക് അടുക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. നിലവില്‍ 79,900 പോയിന്റിന് അരികിലാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് മാത്രം 1822 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ രാവിലത്തെ തിരിച്ചുവരവില്‍ ഏറ്റവും മുന്നേറ്റം ഉണ്ടാക്കിയത് ഐസിഐസിഐ ബാങ്ക് ആണ്. ഐസിഐസിഐ ബാങ്ക് മൂന്ന് ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്. രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രവര്‍ത്തന ഫലം കാഴ്ചവെച്ചതാണ് ഐസിഐസിഐ ബാങ്കിന്റെ നേട്ടത്തിന് കാരണം. രണ്ടാം പാദത്തില്‍ 14.5 ശതമാനം വളര്‍ച്ചയോടെ 11,746 കോടിയാണ് ബാങ്കിന്റെ ലാഭം. എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍.
ഏഷ്യന്‍ വിപണിയിലെ അനുകൂല സാഹചര്യവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.ഏഷ്യന്‍ വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, എല്‍ ആന്റ് ടി, പവര്‍ ഗ്രിഡ്, ഐടിസി ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 3036 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ 4159 കോടിയുടെ ഓഹരികള്‍ വാങ്ങിയത് വിപണിക്ക് കരുത്തുപകര്‍ന്നു.
Be the first to comment