ശമ്പള പരിഷ്‌കരണവും ബോണസ് വര്‍ധനയും അംഗീകരിച്ചു; എയര്‍ ഇന്ത്യ കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്. ബോണസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരുപറ്റം ജീവനക്കാരുടെ സമരം വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു.

വിവിധ വിഭാഗങ്ങളില്‍പ്പെട്ട എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരുടെ ശമ്പളം 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനും, ബോണസ് നിലവിലേതില്‍ നിന്നും 1000 രൂപ വര്‍ധിപ്പിക്കാനുമാണ് ധാരണയായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കരാര്‍ ജീവനക്കാര്‍ സമരം ആരംഭിച്ചത്.

റീജിയണൽ ലോബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ മാനേജ്മെന്റ് അധികൃതരുമായുള്ള ചർച്ചയിലാണ് പരിഹാരമായത്. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം കരാർ ജീവനക്കാരാണ് പണിമുടക്കിയത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. ഇതേത്തുടർന്ന് നിരവധി രാജ്യാന്തര സർവീസുകളെ ബാധിച്ചിരുന്നു. പല സർവീസുകളും രണ്ടര മണിക്കൂർ വരെ വൈകിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*