മന്ത്രിയെ കാത്തിരുന്ന വിദ്യാർഥികള്‍ തളർന്നു; ഒടുവിൽ എംഎൽഎ ഉദ്ഘാടകനായി

കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ മാതൃകാ പ്രീപ്രൈമറി സമർപ്പണ ചടങ്ങിൽ വിദ്യാർഥികള്‍  4 മണിക്കൂർ കാത്തിരുന്നതു വെറുതെയായി. രാവിലെ 11നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ ഭാഗമായി വിവിധ വേഷങ്ങളിലാണു കുട്ടികളെ ഒരുക്കിയിരുന്നത്. എന്നാൽ, ഉദ്ഘാടകനായ മന്ത്രി വി എൻ വാസവൻ എത്തിയില്ല. അനൂപ് ജേക്കബ് എംഎൽഎ എത്താറായപ്പോഴേക്കും പരിപാടി ഉച്ചകഴിഞ്ഞ് 2.30ലേക്ക് മാറ്റിയതായി അറിയിപ്പു വന്നു.

കേരളീയ ശൈലിയിൽ സാരിയുടുത്തും മൃഗങ്ങളുടെ വേഷം അണിഞ്ഞും കാത്തിരുന്നു മുഷിഞ്ഞ വിദ്യാർത്ഥികളെ അധ്യാപകർ തിരികെ ക്ലാസ് മുറികളിലേക്കു കൊണ്ടുപോയി. നഗരസഭാ പ്രതിനിധികൾ കൗൺസിൽ യോഗത്തിനും പോയി. ഉച്ചകഴിഞ്ഞ് മന്ത്രിയെ കാത്ത് വീണ്ടും എല്ലാവരും സജ്ജരായി. പ്രത്യേക വേഷമണിഞ്ഞ കുട്ടികളുടെ പരിപാടികൾ അവതരിപ്പിച്ചു. അനൂപ് ജേക്കബ് എംഎൽഎയും നഗരസഭാ പ്രതിനിധികളും വീണ്ടും എത്തിയെങ്കിലും മന്ത്രി വന്നില്ല. ഒടുവിൽ എംഎൽഎ ഉദ്ഘാടകനായി.

കുട്ടികളെ ഇത്രയും സമയം വേഷമണിയിച്ചു നിർത്തിയതിലെ അനൗചിത്യം എംഎൽഎ അനൂപ് ജേക്കബ്  പ്രസംഗത്തിൽ സൂചിപ്പിച്ചു. മന്ത്രി വൈകിയതോടെ കുട്ടികൾക്കു ഭക്ഷണം കൊടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് പരിപാടിയുടെ സമയം ഉച്ചയ്ക്കു ശേഷമാക്കിയതെന്ന് ഹെഡ്മാസ്റ്റർ എ വി മനോജ് അറിയിച്ചു.

അതേസമയം അപ്രതീക്ഷിതമായി കോട്ടയം ജില്ലയിൽ പരിപാടികൾ വന്നതിനാൽ സമയത്ത്  കൂത്താട്ടുകുളത്ത് എത്താൻ കഴിയില്ലെന്നും മറ്റൊരു ദിവസം എത്താമെന്നും സ്‌കൂൾ അധികൃതരെ അറിയിച്ചതായും അവർ ഇതു സമ്മതിച്ചതാണെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*