എന്‍ടിഎയുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സുപ്രീം കോടതി, ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ നടത്തിപ്പില്‍ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) ക്കു പറ്റിയ പിഴവുകള്‍ അക്കമിട്ടു നിരത്തി സുപ്രീം കോടതി. എന്‍ടിഎയ്ക്കു സംഭവിക്കുന്ന പിഴവുകള്‍ വിദ്യാര്‍ഥി താത്പര്യത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന വിധം വ്യാപകമാവാത്തതുകൊണ്ടാണ് നീറ്റ് യുജി റദ്ദാക്കാത്തതെന്ന് വിശദ വിധിന്യായത്തില്‍ വ്യക്തമാക്കി. പിഴവുകള്‍ മേലില്‍ അവ ആവര്‍ത്തിക്കരുതെന്നു കോടതി മുന്നറിയിപ്പു നല്‍കി.

എന്‍ടിഎ ഇത്തവണ പരീക്ഷ നടത്തിയ രീതി കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഒപ്പം, കോടതി നിയോഗിച്ച കെ.രാധാകൃഷ്ണന്‍ സമിതിയുടെ ശുപാര്‍ശ പ്രകാരം ഭാവിയിലെ പരീക്ഷകള്‍ക്കായി പഴുതടച്ച നടപടികള്‍ കൈക്കൊള്ളാനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പിഴവുകള്‍ ഉണ്ടായെങ്കിലും നീറ്റ് യുജി പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന വ്യാപക ചോര്‍ച്ചയായി അതു മാറിയില്ലെന്നാണു ബെഞ്ചിന്റെ നിരീക്ഷണം. നിലവിലുള്ള പരീക്ഷാസംവിധാനം പരിശോധിക്കാനും ഉചിതമായ നടപടികള്‍ ശുപാര്‍ശ ചെയ്യാനും കോടതി കെ രാധാകൃഷ്ണന്‍ സമിതിയോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30നകം റിപ്പോര്‍ട്ട് തയാറാക്കി, തുടര്‍ന്നു ഒരു മാസത്തിനുള്ളില്‍ പദ്ധതി തയാറാക്കി കോടതിയെ അറിയിക്കണം.

ചോദ്യക്കടലാസിന്റെ സുരക്ഷ, കൈകാര്യം ചെയ്യല്‍ എന്നിവയില്‍ എ്ന്‍ടിഎയ്ക്കു വീഴ്ച പറ്റിയെന്നു കോടതി പറഞ്ഞു. പരീക്ഷ നടത്തിപ്പില്‍ നേരിട്ടു ബന്ധമില്ലാത്തവരെ എന്‍ടിഎ വിശ്വാസത്തിലെടുത്തു. സമയനഷ്ടം പരിഹരിക്കാന്‍ 1563 വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതും വീഴ്ചയാണ്.

പരീക്ഷ റജിസ്‌ട്രേഷനു സമയക്രമം നിശ്ചയിക്കണമെന്ന് വിദഗ്ധ സമിതിയോട് കോടതി നിര്‍ദേശിച്ചു. പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിലെ രീതി പുനഃപരിശോധിക്കണം. പരീക്ഷ പേപ്പറുകള്‍ അച്ചടിക്കുന്നതു മുതല്‍ പരീക്ഷാകേന്ദ്രത്തില്‍ എത്തിക്കുന്നതു വരെ നടപടികള്‍ പുനഃപരിശോധിക്കണം. ആള്‍മാറാട്ടം തടയാന്‍ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*