കടമെടുപ്പ് പരിധി; കേരളത്തിൻ്റെ ഹര്‍ജിയിൽ വാദം പൂർത്തിയായി

ഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള കേരളത്തിൻ്റെ ഹര്‍ജി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാനായി മാറ്റി. ഹർജിയിൽ കേരളത്തിൻ്റെയും കേന്ദ്ര സര്‍ക്കാരിൻ്റെയും വാദം പൂര്‍ത്തിയായി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേരളത്തിൻ്റെ ഹര്‍ജിയില്‍ വാദം കേട്ടത്.

കേന്ദ്രം നല്‍കിയ കണക്കുകളെ കേരളം എതിർത്തു. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ പെരുമാറുമെന്ന് പ്രതീക്ഷിച്ചില്ല. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതാണ് കേന്ദ്ര നിലപാടെന്നും കേരളം കോടതിയിൽ പറഞ്ഞു. അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാന്‍ അനുമതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിൻ്റെ വാദം. സാമ്പത്തിക വര്‍ഷാന്ത്യമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിൻ്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിക്കുകയായിരുന്നു.

നിയമപ്രകാരം ലഭ്യമാകേണ്ടതിനപ്പുറം അനുമതിയാണ് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞാണ് കേരളത്തിൻ്റെ കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണ്. സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിവേചനപരമാണ് എന്നും കേരളം വാദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായത്.

Be the first to comment

Leave a Reply

Your email address will not be published.


*