ഡ്രൈവിങ് ലൈസൻസ് ഉള്ളവരുടെ ശ്രദ്ധയ്‌ക്ക്; വൻ മാറ്റങ്ങള്‍, സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: എല്‍എംവി ലൈസൻസ് ഉള്ളവര്‍ക്ക് എത്ര ഭാരം വരെയുള്ള വാഹനങ്ങള്‍ ഓടിക്കാൻ സാധിക്കുമെന്നതില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ലൈറ്റ് മോട്ടോർ വെഹിക്കിളിന്‍റെ (എൽഎംവി) ഡ്രൈവിങ് ലൈസൻസ് കൈവശമുള്ള ഒരാൾക്ക് 7,500 കിലോഗ്രാമിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി എസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്ന് വിധി പ്രസ്‌താവിച്ചത്. എൽഎംവി ലൈസൻസുള്ളവർ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കു‌മെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി വിധി.

ഇത്തരം കേസുകളിൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്‌തുള്ള ഹര്‍ജി പരിഗണിക്കവെയാണ് എല്‍എംവി ലൈസൻസ് ഉള്ളവര്‍ 7,500 കിലോഗ്രാമിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.

റോഡപകടങ്ങൾ വർധിക്കാൻ എൽഎംവി ലൈസൻസ് ഉടമകളാണ് കാരണമെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകളില്ലെന്ന് ഏകകണ്‌ഠമായ വിധി പുറപ്പെടുവിച്ച ജസ്‌റ്റിസ് ഹൃഷികേശ് റോയ് പറഞ്ഞു. എൽഎംവി ഡ്രൈവിങ് ലൈസൻസുള്ള ഡ്രൈവർമാര്‍ക്ക് 7,500 കിലോഗ്രാമിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം ഓടിക്കാമെന്നും അവരുടെ ഉപജീവന മാര്‍ഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

1988-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്‌ടിലെ (എംവിഎ) ഭേദഗതികളുമായി ബന്ധപ്പെട്ട നയപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ഏതാണ്ട് പൂര്‍ത്തിയായതായി അറ്റോര്‍ണി ജനറല്‍ ഫോര്‍ ഇന്ത്യ ആര്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചിരുന്നു. ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെതിരായ മുകുന്ദ് ദേവാങ്കൻ എന്ന കേസിൽ 2017 ലെ സുപ്രീം കോടതി വിധിയിൽ നിന്നാണ് എല്‍എംവി ലൈസൻസുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നത്.

ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമായി പുതിയ കോടതി വിധി

കഴിഞ്ഞ വർഷം ജൂലൈ 18 നാണ് എല്‍എംവി ലൈസൻസ് ഉള്ളവര്‍ക്ക് എത്ര കിലോഗ്രാം ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാമെന്ന കാര്യത്തില്‍ വ്യക്തത കൊണ്ടുവരണമെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഹർജികള്‍ കോടതിയിലെത്തിയത്. ഇതിലാണ് ഇപ്പോള്‍ ട്രാൻസ്പോര്‍ട്ട് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി വിധി വന്നത്.

7,500 കിലോ ഗ്രാമില്‍ താഴെയുള്ള ട്രാൻസ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇൻഷുറൻസ് ക്ലെയിം ചെയ്യാനും ഇനി കമ്പനികള്‍ തയ്യാറാകേണ്ടി വരും. നിലവിലുള്ള പോരായ്‌മകൾ പരിഹരിക്കുന്നതിന് അനുയോജ്യമായ ഭേദഗതികൾ വരുത്തുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*