മണിപ്പൂർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉയർത്തി സുപ്രീംകോടതി

മണിപ്പൂർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉയർത്തി സുപ്രീംകോടതി. മണിപ്പൂരിലെ സർക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ജെൽ ഭുയാൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. കുക്കി വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ചതിനാലാണ് കോടതിയുടെ രൂക്ഷവിമർശനം. മണിപ്പൂർ സർക്കാരിന്റെ ഈ നടപടി ഞെട്ടിച്ചെന്നും കോടതി വ്യക്തമാക്കി. തടവുകാരൻ കുക്കി വിഭാഗത്തിൽപ്പെട്ടയാളാണ് എന്ന കാരണത്താലാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്നും കോടതി നിരീക്ഷിച്ചു.

കടുത്ത നടുവേദനയെത്തുടർന്ന് ജയിൽ അധികൃതരോട് ഇയാൾ പരാതിപ്പെട്ടിട്ടും ചികിത്സ നൽകാൻ ജയിൽ അധികൃതർ തയാറായില്ലെന്നും കോടതി കണ്ടെത്തി. കഴിഞ്ഞ നവംബർ 22-ന് ജയിലിലെ മെഡിക്കൽ ഓഫീസർ ഇദ്ദേഹത്തിന് എക്സ്റേ ശുപാർശ ചെയ്തിരുന്നു. എന്നാൽ, ജയിലിൽ ഇത് ലഭ്യമല്ലാതിരുന്നതിനാൽ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഇതിനു തയാറാകാതിരുന്ന ജയിൽ അധികൃതരുടെ സമീപനം ഗൗരവതരമായാണ് കോടതി കാണുന്നതെന്ന് വ്യക്തമാക്കി. തടവുകാരനെ ഗോഹട്ടി മെഡിക്കൽ കോളജിലേക്കു മാറ്റാനും ആവശ്യമായ ചികിത്സ നൽകാനും കോടതി ഇന്നലെ ഉത്തരവിട്ടു. ഇതിനുവേണ്ട എല്ലാ  ക്രമീകരണങ്ങളും ചെയ്യാൻ ജയിൽ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*