വിദ്വേഷപ്രസം​ഗം, മോദിയെ തിരഞ്ഞെടുപ്പിൽ അയോ​ഗ്യനാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന്‌ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സമാനമായ കേസിൽ 2019ൽ വാദം കേട്ട് തീരുമാനം എടുത്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വാദം കേൾക്കേണ്ടതില്ലെന്നും കോടതി തീരുമാനമെടുക്കുകയായിരുന്നു.

ജസ്റ്റിസുമാരായ വിക്രം നാഥും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ച് വിഷയം പരിഗണിക്കാൻ തയ്യാറാകാഞ്ഞതോടെ ഹർജിക്കാരൻ ഹർജി പിൻവലിക്കുകയായിരുന്നു. 2024 ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ വിവിധ വിഭാഗങ്ങൾക്കടിയിൽ ശത്രുത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ നരേന്ദ്രമോദി നടത്തിയെന്ന് ആരോപിച്ച് ഫാത്തിമ എന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെ ഹർജി നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്നായിരുന്നു ഹർജിയിലെ ആരോപണം.

ഹർജി പിൻവലിക്കാൻ സമ്മതിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ അനുവദിക്കണമെന്ന്‌ ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, അതിന് എന്തിനാണ് കോടതിയുടെ അനുവാദം എന്ന് ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു. അത് നിങ്ങളുടെ ജോലിയാണ്, നിങ്ങളുടെ പ്രശ്നവും, അദ്ദേഹം വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് മോദിക്കും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും എതിരെ നടപടിയെടുക്കാൻ ഇസിഐയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും കോടതി തള്ളിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*