ലൈംഗിക വിദ്യാഭ്യാസം പാശ്ചാത്യ സങ്കല്‍പ്പമാണെന്ന ധാരണ പാടില്ല; സമഗ്ര പദ്ധതിക്ക് വിദഗ്ധ സമിതി ആവശ്യം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗിക ചൂഷണത്തേയും അതിന്റെ ആഘാതത്തെയും കുറിച്ച് യുവജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍കുന്നതിനായി സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ പരിപാടി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന് സമഗ്രമായ സംവിധാനം കൊണ്ടുവരുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇന്ത്യയില്‍ വ്യാപകമാണെന്നും ലൈംഗികാരോഗ്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ വിമുഖത സൃഷ്ടിക്കുന്നുവെന്നും ഇത് കൗമാരക്കാര്‍ക്കിടയില്‍ കാര്യമായ വിടവിന് കാരണമാകുന്നുവെന്നും കോടതി പറഞ്ഞു.

ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അനുചിതമോ അധാര്‍മികമോ ലജ്ജാകരമോ ആണെന്ന് രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇപ്പോഴും വിശ്വസിക്കുന്നു. ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് യുവാക്കള്‍ക്കിടയില്‍ അശ്ലീലതയും നിരുത്തരവാദപരമായ പെരുമാറ്റവും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് നിലനില്‍ക്കുന്ന തെറ്റിദ്ധാരണ. ലൈംഗികാരോഗ്യത്തെക്കുറിച്ചും ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നത് കൗമാരക്കാര്‍ക്കിടയില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് വിമര്‍ശകര്‍ ഇപ്പോഴും വാദിക്കുന്നത്. സമഗ്രമായതും ശരിയായതുമായ ലൈംഗിക വിദ്യാഭ്യാസം സുരക്ഷിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും മറ്റ് അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്നുമാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പരമ്പരാഗത ഇന്ത്യന്‍ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത പാശ്ചാത്യ സങ്കല്‍പ്പമാണ് ലൈംഗിക വിദ്യാഭ്യാസം എന്ന വീക്ഷണമാണ് പലര്‍ക്കുമുള്ളത്. ഇത്തരം പൊതുവിശ്വാസം സ്‌കൂളുകള്‍ ലൈംഗിക വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പിന് കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്റര്‍നെറ്റ് തെറ്റിദ്ധരിപ്പിക്കുന്നതും അനാരോഗ്യകരമായ ലൈംഗിക പെരുമാറ്റങ്ങള്‍ക്ക് വിത്ത് പാകുന്നതാണ്. ലൈംഗിക വിദ്യാഭ്യാസം പ്രത്യുല്‍പ്പാദനത്തിന്റെ ജൈവിക വശങ്ങള്‍ മാത്രമല്ല സമ്മതം, ആരോഗ്യകരമായ ബന്ധങ്ങള്‍, ലിംഗസമത്വം, വിവധ തരത്തിലുള്ള ലൈംഗികതയോടുള്ള ബഹുമാനം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും കോടതി പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ കുറയ്ക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*