രോഹിതോ കോഹ്‌ലിയോ അല്ല, ഈ ഇടം കയ്യന്മാരായിരിക്കും ഇന്ത്യയുടെ തുറുപ്പ് ചീട്ടുകൾ; രവി ശാസ്ത്രി

ന്യൂഡൽഹി: ടി20 ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ ടീമിനെ കുറിച്ചും താരങ്ങളെ കുറിച്ചും മുൻ ഇന്ത്യൻ താരങ്ങളടങ്ങിയ പല പ്രമുഖരും പ്രവചനം നടത്തിയിരുന്നു. ടീം പ്രഖ്യാപനത്തിന് ശേഷവും അഭിപ്രായ പ്രകടനങ്ങൾക്ക് കുറവൊന്നുമില്ല. വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു താരങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇപ്പോൾ മുന്‍ കോച്ചും പ്രശസ്ത കമന്റേറ്ററുമായ രവി ശാസ്ത്രി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ, മുന്‍ നായകന്‍ വിരാട് കോഹ്‌ലിയോ ആവില്ല ഇന്ത്യയുടെ നിര്‍ണായക താരങ്ങളെന്നാണ് ശാസ്ത്രിയുടെ നിരീക്ഷണം.

ടൂര്‍ണമെൻറ്റിൽ ഇന്ത്യയുടെ തുറുപ്പുചീട്ടുകളായി ശാസ്ത്രി തിരഞ്ഞെടുത്തിരിക്കുന്നത് ഇടംകൈയന്‍ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വമ്പനടിക്കാരനായ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെ എന്നിവരെയാണ്. ഈ രണ്ടു പേരുമായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിക്കുകയെന്നാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തല്‍. ജയ്‌സ്വാളിന്റെയും ദുബെയുടെയും കരിയറിലെ കന്നി ഐസിസി ടൂര്‍ണമെന്റ് കൂടിയാണിത്.

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച പരമ്പരയില്‍ റണ്‍മഴ പെയിച്ച് പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ജയ്‌സ്വാള്‍. ഐപിഎല്ലിനു മുമ്പ് ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് താരം കളിച്ചത്. ഇവയില്‍ രണ്ടു ഡബിള്‍ സെഞ്ച്വറികളടക്കം 712 റണ്‍സ് താരം വാരിക്കൂട്ടി. ടി20യിലും മികച്ച റെക്കോര്‍ഡാണ് ജയ്‌സ്വാളിന്റേത്. 16 ഇന്നിങ്‌സുകളില്‍ നിന്നും 502 റണ്‍സ് അദ്ദേഹം ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ദുബെയുടെ പ്രകടനം ഈ ഐപിഎൽ സീസൺ മാത്രം വെച്ച് നോക്കിയാൽ തന്നെ വളരെ മികച്ചതാണെന്ന് ശാസ്ത്രി ചൂണ്ടി കാണിക്കുന്നു. ‘അഞ്ച് ആറ് നമ്പറുകളില്‍ ദുബെയുടെ സാന്നിധ്യം നിര്‍ണായകമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. കാരണം സ്‌കോറിങ് മന്ദഗതിയിലാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെങ്കില്‍ 20-25 ബോളുകള്‍ കൊണ്ട് കളി മാറ്റാവുന്ന ഒരാളെയാണ് വേണ്ടത്. ദുബെയ്ക്ക് അതിന് കഴിയും.’ ശാസ്ത്രി പറഞ്ഞു.

‘ഈ രണ്ട് താരങ്ങളുടെയും സ്ട്രൈക്ക് റേറ്റ് പലപ്പോഴും 200 നടുത്താണ്. ഇതു ഇന്ത്യയെ വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോവാന്‍ സഹായിക്കും. ടി20 ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ആവശ്യമായ 190-200 സ്‌കോറുകളിലേക്കു നമ്മളെ എത്തിക്കാന്‍ ഇതു സഹായിക്കും. ഈ രണ്ട് ഇടം കയ്യന്മാരുടെ പ്രകടനത്തിനായി താൻ കാത്തിരിക്കുകയാണെന്നും’ ശാസ്ത്രി കൂട്ടി ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*