ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി അടച്ച് തമിഴ്നാട് വനം വകുപ്പ്

രാമക്കൽമേട്: ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി അടച്ച് തമിഴ്നാട് വനം വകുപ്പ്. ജില്ലയിൽ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള നടപ്പു വഴിയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ അടച്ച് ബോർഡ് സ്ഥാപിച്ചത്.

രാമക്കല്‍മേട്ടില്‍ എത്തുന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്‌നാടിന്‍റെ സ്ഥലം മലിനപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാടിന്‍റെ വിലക്ക്. അതിക്രമിച്ച് കടന്നാൽ 500 രൂപ പിഴയും 6 മാസം വരെ തടവും ലഭിക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ മറ്റൊരു ബോർഡ് കൂടി സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞതോടെ വാക്കു തർക്കത്തിലേക്ക് എത്തി.

പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ എത്തി തേനി ഫോറസ്റ്റ് ഡിവിഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ബോര്‍ഡ് സ്ഥാപിക്കുന്നതിൽ നിന്നും അവർ പിന്മാറുകയായിരുന്നു.

തമിഴ് നാടിന്‍റെ വിദൂര കാഴ്ചയാണ് രാമക്കൽമേടിനെ ആകർഷിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. ഇവിടേയ്ക്കുള്ള ഏക കവാടമാണ് തമിഴ്നാട് അധികൃതർ‌ അടച്ചത്. ഇത് ടൂറിസത്തിന് വലിയ വെല്ലുവിളിയാവും. മുന്‍പും അധികൃതര്‍ വഴി അടച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ച് കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചാണ് അധികൃതര്‍ മടങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*