ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍ യാത്ര, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍; ടാറ്റയുടെ പുതിയ ഇവി നാളെ വിപണിയില്‍-വിഡിയോ

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഇലക്ട്രിക് കാറായ ടാറ്റ കര്‍വ് ഇവി നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ടാറ്റ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ പിന്നീട് ലോഞ്ച് ചെയ്യും. കര്‍വ് ഇവിയുടെ ഡെലിവറിയും ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022ലാണ് ടാറ്റ കര്‍വ് എസ് യുവി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. നെക്സോണില്‍ കണ്ടതിന് സമാനമായി പരന്ന എല്‍ഇഡി ലൈറ്റ്ബാറുള്ള ബോള്‍ഡ് ഫ്രണ്ട് എന്‍ഡ് ആണ് ഇതിന്റെ സവിശേഷത. വശങ്ങളില്‍, ചരിഞ്ഞ റൂഫ് ലൈനോടുകൂടിയ ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ കൂടുതല്‍ ആകര്‍ഷണം നല്‍കും. റൂഫ്ടോപ്പില്‍ ഘടിപ്പിച്ച സ്പോയിലര്‍, കണക്റ്റുചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, എന്നിവയും ഇതിനെ വേറിട്ട് നിര്‍ത്തുന്നു.

നെക്‌സോണ്‍ ഇവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്നെയാണ് അകത്തളവും ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് വരുന്ന വലിയ ഫ്‌ലോട്ടിങ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നെക്സോണില്‍ കാണുന്നത് പോലെ ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലോടുകൂടിയ ട്രപസോയ്ഡല്‍ എസി വെന്റുകള്‍, ഡാഷ്ബോര്‍ഡിലെ ഫാക്സ് കാര്‍ബണ്‍-ഫൈബര്‍ ഫിനിഷ്, ചുവന്ന ആംബിയന്റ് ലൈറ്റിങ്, പില്ലര്‍ മൗണ്ടഡ് ട്വീറ്ററുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

വയര്‍ലെസ്സ് ആപ്പിള്‍ കാര്‍പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ് സീറ്റുകള്‍, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജര്‍, ഒന്നിലധികം ഭാഷകളിലെ വോയിസ് അസിസ്റ്റന്‍സ് എന്നിവയും ഇതിനെ വേറിട്ട് നിര്‍ത്തുന്നു. ഒന്നിലധികം എയര്‍ബാഗുകള്‍, ESC, TCS, ISOFIX മൗണ്ടുകള്‍, 360-ഡിഗ്രി കാമറ, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, നാല് ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് സുരക്ഷയുമായി ബന്ധപ്പെട്ട് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ടോപ് വേര്‍ഷന് 55 kWh ബാറ്ററി പാക്ക് ആണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ഫുള്‍ ചാര്‍ജില്‍ 600 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*