ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത്.

പ്രതിയായ സന്ദീപിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഡോക്ടര്‍ വന്ദന ദാസിന്റെ പിതാവ് മോഹന്‍ദാസ് 24 നോട് പറഞ്ഞു. പരമാവധി തെളിവുകള്‍ പൊലീസ് ശേഖരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വബോധത്തോട് തന്നെയാണ് പ്രതി ഇതെല്ലാം ചെയ്തതെന്ന് അദ്ദേഹം പറയുന്നു. മെഡിക്കല്‍ പരിശോധനയെന്ന ആവശ്യത്തിലൂടെ കേസ് നീട്ടിക്കൊണ്ട് പോകാനാണ് പ്രതി ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പൊതുസമൂഹം തങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നതില്‍ നന്ദിയും അദ്ദേഹം അറിയിച്ചു. പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ നിയമത്തിന്റെ ഏത് അറ്റം വരെയും തങ്ങള്‍ പോകുമെന്നും മോഹന്‍ദാസ് 24 നോട് പറഞ്ഞു.

2023 മേയ് 10 രാവിലെ 4.40നാണ് പൂയപ്പള്ളി പൊലീസിന്റെ അകമ്പടിയില്‍ ചികിത്സയ്ക്കായി എത്തിച്ച കുടവട്ടൂര്‍ചെറുകരക്കോണം സ്വദേശി സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദന ദാസിനെ കുത്തി പരുക്കേല്‍പ്പിക്കുന്നത്. കൃത്യം നടന്ന സ്ഥലത്തു നിന്ന് പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ പിന്നിട്ടതോടെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോക്ടര്‍ വന്ദനയുടെ മരണം സ്ഥിരീകരിച്ചു. മേയ് 11ന് ഡോക്ടറുടെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. എഫ്‌ഐആറില്‍ അടക്കം ഗുരുതര പിഴവെന്ന 24 വാര്‍ത്തയ്ക്ക് പിന്നാലെ പ്രതിഷേധം ശക്തമായി. മെയ് 12ന് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ആക്രമിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ശിക്ഷ കടുപ്പിക്കുന്ന ഓര്‍ഡിനന്‍സിനു മേയ് 17 മന്ത്രിസഭാ അംഗീകാരം നല്‍കി.

ഡോക്ടര്‍ക്കും ജഡ്ജിക്കും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പെരുമാറ്റ ചട്ടം അടിയന്തരമായി നടപ്പാക്കണമെന്ന് മെയ് 24 ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പിന്നാലെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കള്‍ ജൂലൈ 1 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്ദീപിന്റെ ജാമ്യ ഹര്‍ജി കൊല്ലം സെഷന്‍സ് കോടതി ജൂലൈ 27 ന് തള്ളി. ഓഗസ്റ്റ് 1 ന് ജില്ലാ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം കൊട്ടാരക്കര കോടതിയില്‍ സമര്‍പ്പിച്ചു. മരണാനന്തര ബഹുമതിയായി ഡോ.വന്ദന ദാസിന് എംബിബിഎസ് ബിരുദം നല്‍കാന്‍ കേരള ആരോഗ്യ സര്‍വകലാശാല ഓഗസ്റ്റ് 2 തീരുമാനം എടുത്തു.

ഓഗസ്റ്റ് 5 ന് അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ സര്‍വീസില്‍ നിന്നു പുറത്താക്കി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുന്ന ബില്ലിനു ഗവര്‍ണര്‍ സെപ്റ്റംബര്‍ 18 ന് അംഗീകാരം നല്‍കി. ഒക്ടോബര്‍ 18 ന് സി ബി ഐ അന്വേഷണമെന്ന മാതാപിതാക്കളുടെ ഹര്‍ജിയില്‍ പശ്ചാത്തലത്തില്‍ കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. 2024 ഫെബ്രുവരി 6ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹര്‍ജിയും പ്രതി സന്ദീപിന്റെ ജാമ്യ ഹര്‍ജിയും ഹൈക്കോടതി തള്ളി.

സന്ദീപിന്റെ മാനസികനില പരിശോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സന്ദീപിന്റെ മാനസിക നില പരിശോധന നടത്തി. മാനസിക നിലയില്‍ തകരാറില്ല എന്നാണ് കോടതിക്കു ലഭിച്ചിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ഡോ. വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*