പാനൂര്‍ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കണം; യുഡിവൈഎഫ്

പാനൂര്‍: പാനൂര്‍ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കണമെന്ന് യുഡിഎഫ് യുവജന സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍  പോലീസ് ഒളിച്ച് കളിക്കുകയാണ്. പോലീസ് അന്വേഷിച്ചാല്‍ കേസിന്റെ സത്യാവസ്ഥ പുറത്തുവരില്ലെന്നും യുഡിവൈഎഫ് നേതാക്കള്‍ആരോപിച്ചു. കേസിന്റെ യഥാര്‍ഥ വിവരങ്ങള്‍ പോലീസ് മറച്ചുവെക്കുന്നു. ഉന്നത ഗൂഢാലോചന അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

സ്‌ഫോടനം നടന്ന സ്ഥലം നേതാക്കള്‍ സന്ദര്‍ശിച്ചു. ഇതിനിടെ നേതാക്കള്‍ സ്‌ഫോടനം നടന്ന സ്ഥലത്തെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് പോലീസ്  തടഞ്ഞു. കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ പ്രതിയായതിനെ തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ യുവജന സംഘടനകള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഡിവൈഎഫ്ഐ നേരത്തെ ആക്രി പെറുക്കിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച കുപ്പിച്ചില്ലും ആണിയും ഉപയോഗിച്ചാണോ ബോംബ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

യുഡിഎഫ് നേതാക്കളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മാണം. വടകരയിലെ പരാജയ ഭീതിയാണ് ഇതിന് കാരണമെന്നും രാഹുല്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പൊട്ടിക്കാന്‍ വെച്ച ബോംബ് നേരത്തെ പൊട്ടി പോയതാണെന്നും അല്ലാതെ ക്വാളിറ്റി ടെസ്റ്റിനിടെ പൊട്ടിയതല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*