ട്രംപിൻ്റെ വഴിയേ യു.കെയും ;ഇന്ത്യന്‍ റസ്റ്റൊറന്‍റുകളിലും സൂപ്പർമാർക്കറ്റുകളിലും തിരച്ചിലിന് രഹസ്യപ്പൊലീസ്

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ വഴിയേ യു.കെയിലെ ലേബർ സർക്കാരും നീങ്ങുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്ത് അനധികൃതമായി കഴിയുന്ന ‘തൊഴിലാളികളെ’ കയ്യോടെ നാടുകടത്തുന്നതിനായി റെയ്‌ഡുകൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാർ നടത്തുന്ന റസ്‌റ്റൊറൻ്റുകളിലും സലൂണുകളിലും ചെറിയ സൂപ്പർമാർക്കറ്റുകളിലും കാർ വാഷ് സെൻ്ററുകളിലുമാണ് പൊലീസിൻ്റെ തിരച്ചിൽ.

609 അനധികൃത കുടിയേറ്റക്കാരെ ജനുവരിയിൽ മാത്രം കണ്ടെത്തിയെന്നും മുൻ വർഷത്തെ അപേക്ഷിച്ച് 73 ശതമാനം വർധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നതെന്നും ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി കൂപ്പർ വ്യക്‌തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടത്താൻ രഹസ്യപ്പൊലീസിനെ നിയമിച്ചിട്ടുണ്ടെന്നും റ‌സ്റ്റൊറന്റുകൾ, കഫെകൾ, ടേക്ക് എവേ സെൻ്ററുകൾ, ബാറുകൾ എന്നിവിടങ്ങളിലാണ് അനധികൃത കുടിയേറ്റക്കാർ കൂടുതലായും ജോലി ചെയ്യുന്നതെന്നും റിപ്പോർട്ട് പറയുന്നു. വടക്കൻ ഇംഗ്ലണ്ടിലെ ഹംബർസൈഡിലെ റസ്‌റ്റൊറൻ്റിൽ നിന്ന് മാത്രം ഏഴുപേർ അറസ്‌റ്റിലാവുകയും നാല് പേരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തുവെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുടിയേറ്റം നിയമവിധേയമാകണമെന്നാണ് സർക്കാരിന്റെയും ആഗ്രഹം. അതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്ത് നേട്ടമുണ്ടാക്കുന്ന തൊഴിലുടമകളും കുടുങ്ങുമെന്നും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കിൽ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്‌ഥയും ആയിരങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാകുമെന്നും ഇടനിലക്കാരാണ് ഇതിൽ നിന്നും ലാഭം കൊയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

കുടിയേറ്റ നിയമങ്ങൾ യു.കെ. കർശനമാക്കുകയാണെന്ന നിലപാട് സ്റ്റാർമർ സർക്കാർ സ്വീകരിച്ചതിന് പിന്നാലെ 800 പേരെയാണ് നാല് വിമാനങ്ങളിലായി ബ്രിട്ടൻ നാടുകടത്തിയത്. അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയെന്ന് തെളിഞ്ഞാൽ 60000 പൗണ്ടാണ് തൊഴിലുടമയിൽ നിന്നും ഈടാക്കുക. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കുള്ള മുന്നറിയിപ്പാണിതെന്നും കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് ഉത്തരവും പുറത്തിറക്കി.

Be the first to comment

Leave a Reply

Your email address will not be published.


*