പലസ്തീന് അംഗത്വം നല്‍കാനുള്ള യുഎൻ പ്രമേയം; വീറ്റോ ചെയ്ത് അമേരിക്ക, വിട്ടു നിന്ന് ലണ്ടനും സ്വിറ്റ്സർലൻഡും

പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയം തള്ളി അമേരിക്ക. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ സുരക്ഷാ സമിതിയിലെ 15 അംഗ രാജ്യങ്ങളില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ലണ്ടനും സ്വിറ്റ്‌സര്‍ലന്‍ഡും വിട്ടുനില്‍ക്കുകയുമായിരുന്നു. പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തു.

അമേരിക്കയുടെ വീറ്റോയെ വിമര്‍ശിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രംഗത്തെത്തി. ” ഇത് അന്യായവും അധാര്‍മികവും നീതിരഹിതവും ഐക്യരാഷ്ട്രസഭയില്‍ പലസ്തീന് പൂര്‍ണ അംഗത്വം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ഇഷ്ടത്തെ ധിക്കരിക്കുന്നതുമാണ്” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പ്രമേയത്തെ ചരിത്ര നിമിഷമെന്ന് വിശേഷിപ്പിച്ച പലസ്തീന്‍ മേഖലയിലെ ഐക്യരാഷ്ട്ര സഭ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പലസ്തീനെ മുഴുവന്‍ അംഗത്വമുള്ള രാജ്യമായി അംഗീകരിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരത്തില്‍ ആഗോള സമവായം സ്ഥാപിക്കുന്നതിലേക്ക് സുരക്ഷാ സമിതി സ്വയം ഉയരുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രമേയത്തെ ലജ്ജാകരമായ നിര്‍ദേശമെന്ന് വിളിച്ച ഇസ്രയേല്‍ വിദേശ കാര്യ മന്ത്രി ഇസ്രയേല്‍ കാട്‌സ് വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയെ പ്രശംസിച്ചു. ” ആറ് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഹോളോകാസ്റ്റിന് ശേഷമുള്ള ജൂതന്മാരുടെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്കും ഹമാസ് തീവ്രവാദികള്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും മറ്റ് ക്രൂരതകള്‍ക്കും തീവ്രവാദത്തിനുള്ള പ്രതിഫലമാണ് ഈ പ്രമേയം”, 

സുരക്ഷാ സമിതിയുടെ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഉപ വക്താവ് വേദാന്ത് പടേല്‍ അറിയിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയിലെ രാഷ്ട്രമാകാനുള്ള മാനദണ്ഡങ്ങള്‍ പലസ്തീനികള്‍ പാലിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ഏകാഭിപ്രായമില്ല. ഇസ്രയേലും പലസ്തീനികളും തമ്മിലുള്ള ചര്‍ച്ചകള്‍ മുന്‍നിര്‍ത്തിയായിരിക്കും ഭാവിയിലെ രാഷ്ട്ര പദവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണ അംഗരാജ്യമായി അംഗീകരിക്കാനുള്ള ശ്രമങ്ങള്‍ 2011 മുതലാണ് പലസ്തീന്‍ ആരംഭിക്കുന്നത്. നിലവില്‍ നിരീക്ഷണ പദവിയുള്ള നോണ്‍ മെമ്പര്‍ സ്ഥാനമാണ് പലസ്തീനിന്റേത്. 2012 നവംബറിലാണ് ഈയൊരു പദവി പലസ്തീന് ലഭിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*