”ക്ഷമ ചോദിക്കുന്നതിനു പകരം, പൊന്നാട സ്വീകരിക്കാൻ പോയി”, ദേവസ്വം ഓഫിസർക്ക് കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ”എന്നെ ജയിലിൽ ഇടൂ എന്നു പറഞ്ഞാണ് ദേവസ്വം ഓഫിസർ വരുന്നത്” എന്ന് കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനയെഴുന്നള്ളിപ്പിനു മാർഗനിർദേശങ്ങൾ പാലിക്കാത്തതിനു നൽകിയ സത്യവാങ്മൂലത്തെക്കുറിച്ചാണ് പരാമർശം. രണ്ടു മാസം ജയിലിൽ കിടന്നാൽ മനസിലായിക്കൊള്ളുമെന്നും കോടതിയുടെ വാക്കാലുള്ള മുന്നറിയിപ്പ്.

തെറ്റു പറ്റിപ്പോയെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നു എന്നും പറയുന്നതിനു പകരം, കോടതി ഉത്തരവ് ലംഘിച്ചതിനു കിട്ടിയ പൊന്നാട സ്വീകരിക്കാനാണ് ദേവസ്വം ഓഫിസർ പോയതെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാരും പി. ഗോപിനാഥും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

കോടതി ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും, രണ്ടിലും തെറ്റു പറ്റിയതായി ദേവസ്വം ഓഫിസർ സമ്മതിച്ചിട്ടില്ല. പകരം, ന്യായീകരണങ്ങൾ നിരത്തുകയാണ് ചെയ്തിരിക്കുന്നത്.

നിരുപാധികം മാപ്പപേക്ഷിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം വിഷയം വീണ്ടും പരിഗണിക്കും.

കോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കാതെ ആനയെഴുന്നള്ളിപ്പ് നടത്തിയതിന് കോടതിയലക്ഷ്യ നടപടിയാണ് ദേവസ്വം ഓഫിസർ നേരിടുന്നത്. മാർഗനിർദേശങ്ങൾ സുപ്രീം കോടതി ഇതിനിടെ സ്റ്റേ ചെയ്തിരുന്നെങ്കിലും കോടതിയലക്ഷ്യ നടപടികൾ തുടരാനാണ് ഹൈക്കോടതി തീരുമാനം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*