സൗദി അറേബ്യ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റിവെച്ചു. മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്ന അബ്ദുൽ റഹീമിൻ്റെ കുടുംബത്തിന് വേദനയായി കോടതി നടപടികൾ നീളുകയാണ്. സാങ്കേതിക തടസ്സങ്ങളാൽ കോടതി നടപടികൾ ഉണ്ടാകാത്തതാണ് വിധി മാറ്റിവെക്കാൻ കാരണമെന്നാണ് അറിയാൻ കഴിയുന്നത്. റഹീമിന്റെ കേസ് മാത്രമല്ല റിയാദ് ജയിലിൽ നിന്നുള്ള എല്ലാ കേസുകളുടെയും സിറ്റിങ് തിയ്യതി മാറ്റിയെന്നാണ് വിശദീകരണം. മോചനം വൈകുമ്പോൾ കണ്ണീരോടെയുള്ള കാത്തിരിപ്പിലാണ് പൊന്നുമ്മയും കുടുംബാംഗങ്ങളും.
കഴിഞ്ഞ രണ്ട് തവണയും കേസില്‍ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. മോചന ഹര്‍ജിയില്‍ ആദ്യ സിറ്റിങ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്ന് പറഞ്ഞ് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ മറ്റൊരു സിറ്റിങ്ങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബര്‍ എട്ടിന് നടന്ന അടുത്ത സിറ്റിങിലും വിധി പറഞ്ഞില്ല. റഹീമിന്റെ സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്.
Be the first to comment