കണ്ണൂർ: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ സർവത്ര വ്യാജ വിവരങ്ങളാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. നവീന്‍ ബാബുവിനെതിരെ പ്രശാന്ത് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തിൻ്റെ പേരും ഒപ്പും വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തുന്നത്.
പമ്പിന് അപേക്ഷ നൽകിയതിൽ അപേക്ഷകന്‍റെ പേര് പ്രശാന്ത് എന്നാണ്. അതേസമയം കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിൽ പ്രശാന്തൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പുകൾ തമ്മിലും വ്യത്യാസമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരാതിയിൽ പ്രശാന്ത് ആരോപിക്കുന്നത് പെട്രോൾ പമ്പിന് 8ാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണെങ്കിൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് 9ാം തീയ്യതി വൈകിട്ട് 3 മണിക്കാണ്.
പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു. 98500 രൂപ നൽകിയെന്നായിരുന്നു പ്രശാന്ത് പരാതിയില്‍ പറഞ്ഞത്. അതിനിടെ നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കലക്‌ടറെ മാറ്റി.
റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണർക്ക് കൈമാറി. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കലക്‌ടര്‍ നൽകിയിരുന്നു. എന്നാൽ അതിന് പിന്നാലെ കലക്‌ടര്‍ക്കെതിരെ ആരോപണം വന്നതോടെയാണ് അന്വേഷണ ചുമതല മറ്റൊരാള്‍ക്ക് കൈമാറിയത്. അതിനിടെ ജാമ്യപേക്ഷയിൽ തീരുമാനം ആകാത്തതിനെ തുടർന്ന് ദിവ്യ ഒളിവിൽ പോയതായുള്ള സൂചനയും ഉണ്ട്.
Be the first to comment