വേഗപരിധി അറിയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല; ഹൈക്കോടതി നിര്‍ദേശത്തിനും പുല്ലുവില

സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എ ഐ) ക്യാമറകറകള്‍ ജൂണ്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്. അമിത വേഗതയുടെ പേരില്‍ ജനങ്ങളില്‍ നിന്ന് പിഴയീടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോഴും സംസ്ഥാനത്ത് റോഡുകളിലെ വേഗപരിധി അറിയാന്‍ ആവശ്യത്തിന് മുന്നറിയിപ്പ് ബോര്‍ഡുകളില്ല.

മോട്ടര്‍ വെഹിക്കിള്‍ ആക്ട് 1988, സെക്ഷന്‍ 112 പ്രകാരമാണ് റോഡുകളിലെ വേഗപരിധി നിശ്ചയിക്കുന്നത്. ഈ നിയമത്തില്‍ തന്നെ ഇരു ചക്രവാഹനങ്ങള്‍, കാറുകള്‍, ബസ്‌, ലോറി തുടങ്ങി വിവിധ വാഹനങ്ങളുടെ പരമാവധി വേഗപരിധി അറിയിക്കുന്ന ബോര്‍ഡുകള്‍ റോഡില്‍ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. എന്നാല്‍ നിയമം കടലാസില്‍ ഒതുങ്ങുന്നതിന് അപ്പുറം പ്രയോഗിക തലത്തില്‍ നടപ്പിലാകുന്നില്ല. ക്യാമറ നിരീക്ഷണം ശക്തമാകുമ്പോള്‍ ഓരോ റോഡിലെയും പരമാവധി വേഗത്തിന്റെ കണക്ക് എങ്ങനെയറിയും എന്നാണ് ഉയരുന്ന ചോദ്യം.?

മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാതെ അമിതവേഗത്തിന് മാത്രം പിഴയിടരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അമിതവേഗത്തിന് പിഴ ഈടാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്. മോട്ടര്‍ വാഹന നിയമം അനുസരിച്ച് ഓരോ റോഡിലും വാഹനം ഓടിക്കാവുന്ന പരമാവധി വേഗം രേഖപ്പെടുത്തിയിട്ടില്ലെന്ന ഹര്‍ജിക്കാന്‍റെ വാദം അംഗീകരിച്ച കോടതി അമിത വേഗതയ്ക്ക് പിഴ ചുമത്തിയ നടപടി അന്ന് റദ്ദാക്കിയിരുന്നു.

എ ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങളുന്ന ഘടത്തില്‍ സമാന തരത്തിലുള്ള ഹര്‍ജികള്‍ കോടതിക്ക് മുന്നില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം വാഹനങ്ങളുടെ പരമാവധി വേഗപരിധി അറിയിക്കുന്ന കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നാണ്‌ മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം. ആ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയെങ്കിലും പിഴ ഈടാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം തയാറാകുമോയെന്നാണ് പൊതുജനത്തിന്റെ ചോദ്യം.

Be the first to comment

Leave a Reply

Your email address will not be published.


*