സംസ്ഥാനത്ത് കൊടുംക്രിമിനലുകളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംക്രിമിനലുകളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കണക്കുകള്‍. കഴിഞ്ഞ 3 വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ 42 പ്രതികളിൽ 25 പേരെ മാത്രമാണ് പിടികൂടാനായത്. പരോളില്‍ ഇറങ്ങി മുങ്ങിയവരും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരുമായ സ്ഥിരം ക്രിമിനലുകളുടെ കാര്യത്തിലാണ് പൊലീസ് ഗുരുതര അനാസ്ഥ കാട്ടുന്നത്.

സംസ്ഥാനത്ത് സ്ഥിരം കുറ്റവാളികളെ കണ്ടെത്താനും ജയില്‍ ചാടിയവരെ പിടികൂടാനും സുശക്തമായ സംവിധാനങ്ങളുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വാദം. എന്നാല്‍ കോഴിക്കോട് പേരാമ്പ്ര നൊച്ചാട് അനു എന്ന 26കാരിയെ സ്ഥിരം കുറ്റവാളിയായ മുജീബ് റഹ്മാന്‍ കൊലപ്പെടുത്തിയ സംഭവം ഈ അവകാശവാദത്തിന്‍റെ മുനയൊടിച്ചു.

ഇക്കാര്യം ശരിവയ്ക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജയില്‍ ചാടിയവരെയും പരോളില്‍ ഇറങ്ങി മുങ്ങിയവരെയും പിടികൂടാനും വിചാരണ കാലയളവിനിടെ ജാമ്യത്തില്‍ ഇറങ്ങുന്നവരടക്കം സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും പ്രത്യേക രജിസ്റ്ററും സംവിധാനങ്ങളും പൊലിസിന്‍റെ പക്കലുണ്ട്. എന്നാല്‍ ഇക്കാര്യത്തിൽ പൊലീസ് സംവിധാനങ്ങള്‍ എത്ര കണ്ട് പരാജയമാമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

രണ്ട് പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്ന് പരോളിലിറങ്ങി മുങ്ങിയത് 70 പ്രതികളാണ്. ഇതില്‍ 67 പേരും കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ 42 പ്രതികളില്‍ പിടികൂടാനായത് 25 പേരെ മാത്രമാണ്.

കൊലപാതകം, ബലാല്‍സംഗം അടക്കമുളള ഗുരുതര കേസുകളില്‍ വിചാരണ നീണ്ടു പോകുന്നതും കൊടും ക്രിമിനലുകള്‍ക്ക് കൂടുതൽ കുറ്റകൃത്യങ്ങള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. കൊവിഡ് കാലത്ത് വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായിരുന്ന മുജീബ് റഹ്മാന്‍ ജാമ്യത്തിൽ ഇറങ്ങിയ ശേഷമായിരുന്നു അനുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന സസ്പെക്റ്റ് ലിസ്റ്റ്, മൂന്നിലധികം കേസുകളില്‍ ശിക്ഷക്കപ്പെട്ടവരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന കെഡി ലിസ്റ്റ്, ഒന്നിലേറെ ജില്ലകളില്‍ കുറ്റകൃത്യം നടത്തിയവരുടെ കണക്കുകളടങ്ങുന്ന ഡിസി ലിസ്റ്റ് എന്നിവയെല്ലാം പൊലീസിന്‍റെ പക്കലുണ്ട്. എന്നാൽ ഇതിലെ പേരുകാരായ ക്രിമിനലുകള്‍ എവിടെയെല്ലാം കറങ്ങിനടക്കുന്നുവെന്നോ എന്തല്ലാം ചെയ്യുന്നുവെന്നോ നമ്മുടെ സംവിധാനങ്ങള്‍ അറിയുന്ന ഇവർ കൂടുതൽ കുറ്റകൃത്യങ്ങള്‍ ചെയ്യുന്പോൾ മാത്രമെന്ന് സാരം.

Be the first to comment

Leave a Reply

Your email address will not be published.


*