പ്രകൃതിരമണീയമായ ഇല്ലിക്കൽക്കല്ലും ഇലവീഴാപൂഞ്ചിറയും ടൂറിസം മാപ്പ് ഓഫ് ഇന്ത്യയിൽ ഉൾപ്പെടുത്തണമെന്നാവശ്യം; നിവേദനം നൽകി

പാലാ: പ്രകൃതിരമണീയമായ ഇല്ലിക്കൽക്കല്ലും ഇലവീഴാപൂഞ്ചിറയും സഞ്ചാരികളുടെ ഇഷ്‍ട കേന്ദ്രങ്ങളാണ്. വിദേശികൾക്ക് ഇഷ്ടപ്പെടുന്ന കാലാവസ്ഥയാണ് ഇവിടെ എന്നതും ഏറെ ശ്രദ്ധേയമാണ്. ദൃശ്യഭംഗി ആസ്വദിക്കാൻ ഓരോ സീസണിലും ആയിരങ്ങളാണ് എത്തുന്നത്. സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെ ഇല്ലിക്കക്കല്ലും ഇലവീഴാപൂഞ്ചിറയും ടൂറിസം മാപ്പ് ഓഫ് ഇന്ത്യയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരിക്കുകയാണ് മാണി സി.കാപ്പൻ എം.എൽ.എയും ഫ്രാൻസീസ് ജോർജ് എം.പിയും.

വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തെ പിൽഗ്രിം ടൂറിസം മാപ്പിൽ ഉൾപ്പെടുത്തണമെന്നും നിവേദനത്തിലുണ്ട്. ആയിരക്കണക്കിന് ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന വാഗമണ്ണിൽ നിന്നും യഥാക്രമം 11, 15 കിലോമീറ്ററുകൾ യാത്ര ചെയ്താൽ ഇല്ലിക്കൽക്കല്ലിലും ഇലവീഴാപൂഞ്ചിറയിലും എത്താം. പാലാ നിയോജകമണ്ഡലത്തിലാണ് രണ്ട് സ്ഥലങ്ങളും. ഹൈറേഞ്ച് ടൂറിസം പദ്ധതിയിൽപ്പെടുത്തിയാൽ കോട്ടയം ജില്ലയ്ക്ക് ആകമാനം വലിയ നേട്ടമായിരിക്കും.

കെ.എം.മാണി ധനകാര്യമന്ത്രിയായിരിക്കെ ആവിഷ്കരിച്ച പിൽഗ്രിം ടൂറിസം പദ്ധതി നിലവിലുണ്ട്. രാമപുരം നാലമ്പലങ്ങൾ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം, കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്മുഖക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വിശുദ്ധ അൽഫോൻസമ്മയുടെ കബറിടം എന്നിവയെല്ലാം പദ്ധതിയിൽപ്പെടുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*