റേഷൻകട വഴി ഇപ്പോൾ ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് പ്ലാസ്റ്റിക് അരിയാണെന്നാണ് പ്രചരണം ഉയർന്നിരിക്കുന്നത്. അങ്ങനെയല്ലെന്ന് റേഷൻ കടക്കാർ ആണയിട്ടിട്ടും നാട്ടുകാർ വിശ്വസിക്കുന്ന മട്ടില്ല. ഇതോടെ പുലിവാല് പിടിച്ചത് പാവം റേഷൻ കടയുടമകളും.
റേഷൻകടകളിൽ ഇക്കുറി കാർഡ് ഉടമകൾക്ക് നൽകാനായി എത്തിയത് ഫോർട്ടിഫൈഡ് അരിയായിരുന്നു. ഈ അരിയാണ് റേഷൻകട ഉടമകളെ നാട്ടുകാരുടെ വായിലിരിക്കുന്നത് കേൾപ്പിക്കുന്നത്. ഈ അരിക്കൊരു പ്രത്യേകതയുണ്ട്. കാഴ്ചയിൽ പ്ളാസ്റ്റിക് അരി പോലെ ഇരിക്കും. പ്ലാസ്റ്റിക് അരിയാണെന്ന് തോന്നുമെന്നു മാത്രമേയുള്ളൂ. പ്ലാസ്റ്റിക് അരി അല്ല എന്ന് സാരം. എന്നാൽ ഇതുണ്ടോ നാട്ടുകാർ സമ്മതിക്കുന്നു. പ്ലാസ്റ്റിക് അരി കഴിച്ചു ആരോഗ്യം കളയാനില്ല എന്ന് നാട്ടുകാർ നിലപാടെടുത്തതോടെ ശരിക്കും റേഷൻ കടയുടമകൾ കുടുങ്ങി. മനസ്സിലാകുന്നവരോട് കാര്യം പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും മനസ്സിലാകാത്തവരാണ് എണ്ണത്തിൽ കൂടുതലെന്നുള്ളതാണ് കടയുടമകളെ കുഴപ്പിക്കുന്നത്.
ജനങ്ങൾക്ക് പോഷക ഗുണമുള്ള അരി വിതരണം ചെയ്യണമെന്ന കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശമനുസരിച്ചാണ് ഫോർട്ടിഫൈഡ് അരി എത്തിച്ചിരിക്കുന്നത്. ഇരുമ്പ്, ഫോളിക് ആസിഡ് , വൈറ്റമിൻ ബി 12 എന്നിവ ചേർത്താണ് ഫോർട്ടിഫൈഡ് അരിയുണ്ടാക്കുന്നത്. നൂറുകിലോ സാധാരണ അരിയിൽ ഒരു കിലോഗ്രാം ഫോർട്ടിഫൈഡ് അരി ചേർത്താണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നതെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായാണ് റേഷൻകടകളിലെ അരിയിൽ മാറ്റം കാണുന്നതും. പക്ഷേ ആ മാറ്റം വല്ലാത്തൊരു മാറ്റമായിപ്പോയെന്നാണ് കടയുടമകളുടെ പരിവേദനം.
എന്താണ് ഫോർട്ടിഫൈഡ് അരി
ഫോർട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി ഭക്ഷണത്തിലെ പോഷക നിലവാരം മെച്ചപ്പെടുത്തുകയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. സമ്പുഷ്ടീകരിച്ച അരി രുചിയിലും, മണത്തിലും, രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂർണമായും സുരക്ഷിതവുമാണ്.
Be the first to comment