അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ കേന്ദ്ര അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ് പൊതു താല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഒരു എംഎല്‍എയാണ് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഉത്തരവാദപ്പെട്ട പദവിയില്‍ ഇരുന്നുകൊണ്ടാണ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. എഡിജിപി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനാണ്. സ്വര്‍ണ കള്ളക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ബന്ധപ്പെടുത്തി എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം ആരംഭഘട്ടത്തിലാണ്. ആരോപണങ്ങളെല്ലാം വിശദമായി പരിശോധിച്ചു വരികയാണ്. ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*