‘ ഭീകരവാദം പോലുള്ള ഗുരുതര വിഷയങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല’; ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി

ഭീകരവാദം ഉള്‍പ്പടെയുള്ള ഗുരുതരമായ വിഷയങ്ങളില്‍ ഇരട്ടത്താപ്പ് കാണിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലെ ക്ലോസ്ഡ് പ്ലീനറി സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെയും ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനെയും നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കാനും ശക്തമായി സഹകരിക്കാനും നരേന്ദ്ര മോദി രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഇത്തരത്തിലുള്ള ഗുരുതര വിഷയങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല. നമ്മുടെ രാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ സമൂലപരിഷ്‌കാരവാദം തടയാന്‍ നാം സജീവമായ നടപടികള്‍ ഉള്‍ക്കൊള്ളണം. ഭീകരതയ്‌ക്കെതിരായ യു.എന്‍ ഉടമ്പടി അംഗീകരിക്കണം – മോദി ആവശ്യപ്പെട്ടു. നയതന്ത്രത്തെയും സംഭാഷണത്തെയുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നും യുദ്ധത്തെയല്ലെന്നും മോദി വ്യക്തമാക്കി.

യുക്രൈന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പരിഹാരം വേണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു. ഇന്ത്യ എന്നും സമാധാനത്തിന്റെ പക്ഷത്താണ്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ എപ്പോഴും തയറാണ്. ബ്രിക്‌സ് കൂട്ടായ്മയിലെ ഇന്ത്യ-റഷ്യ സഹകരണത്തെ തങ്ങള്‍ വിലമതിക്കുന്നതായി പുടിന്‍ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*