ത്രിതല പഞ്ചായത്തുകളിൽ 1,590 ജനപ്രതിനിധികൾ കൂടി വരും; തദ്ദേശ വാർഡ് വിഭജനം വിജ്ഞാപനമായി

തിരുവനന്തപുരം : തദ്ദേശ വാർഡ് വിഭജനത്തിന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. അതിർത്തി പുനർനിർണയത്തിന് മുൻപായി ജനസംഖ്യാടിസ്ഥാനത്തിലാണ് ത്രിതല പഞ്ചായത്തുകളിൽ വാർഡുകൾ പുനർനിശ്ചയിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പ് റൂറൽ ഡയറക്‌ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലും 14 ജില്ല പഞ്ചായത്തുകളിലുമായി 1,590 ജനപ്രതിനിധികൾ കൂടി അടുത്ത വർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധികളാകും.

ഗ്രാമ പഞ്ചായത്തുകളിൽ 15,962 വാർഡുകളിൽ നിന്നും 17,337 വാർഡുകളായി വർധിക്കും. 2080 ബ്ലോക്ക്‌ പഞ്ചായത്ത് വാർഡുകൾ 2267 ആയി വർധിക്കും. ജില്ല പഞ്ചായത്തിൽ 331 ഡിവിഷനുകൾ 346 ആയി വർധിക്കും. പുതിയ വാർഡുകളിലെ വനിത, പട്ടിക ജാതി – പട്ടിക വർഗ സംവരണ വാർഡുകളും പുനർനിശ്ചയിച്ചിട്ടുണ്ട്. 2011 സെൻസസ് പ്രകാരമാണ് വാർഡ് നിർണയമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

വാർഡ് വിഭജനത്തിനായി തദ്ദേശ വകുപ്പ് ചുമതലപ്പെടുത്തിയ ഡിലിമിറ്റേഷൻ കമ്മിഷൻ അടുത്ത ഘട്ടമായി അതിർത്തി നിർണയത്തിനായുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കും. അതാത് തദ്ദേശ സെക്രട്ടറിമാർക്കാണ് അതിർത്തി നിർണയത്തിനുള്ള ചുമതല. ഇതിന് മുന്നോടിയായി ജില്ല കലക്‌ടർമാരുടെ നേതൃത്വത്തിൽ പരാതികൾ കേൾക്കുമെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നു.

പുനർനിർണയത്തിൽ ഗ്രാമ പഞ്ചായത്തുകളിൽ 1375 വാർഡുകളും ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 187 വാർഡുകളും ജില്ല പഞ്ചായത്തുകളിൽ 15 ഡിവിഷനുകളും അധികമാകും. 2011- ല്‍ ആയിരുന്നു അവസാനമായി സംസ്ഥാനത്ത് വാർഡ് വിഭജനം നടന്നത്. 13 വർഷങ്ങൾക്ക് ശേഷം വീണ്ടും വാർഡ് വിഭജനം നടക്കുമ്പോൾ 2011 ജനസംഖ്യ കണക്ക് തന്നെയാണ് വീണ്ടും പരിഗണിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*