‘ശബരിമലയില്‍ നേരിട്ട് സ്‌പോട്ട് ബുക്കിങ്ങ് ഉണ്ടാവില്ല’; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ്ങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയില്‍ പ്രതിദിനം 80,000 എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ്. അവിടെ മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ലെന്നും വാസവന്‍  പറഞ്ഞു.

എണ്ണം ചുരുക്കിയത് സുഗമമായ ദര്‍ശനത്തിന് വേണ്ടിയാണ്. എല്ലാ തീര്‍ഥാടകര്‍ക്കും ദര്‍ശനം ഒരുക്കും. ഈ കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തി വിശദീകരിക്കുകയും ചെയ്തു. അതുകൊണ്ട് ഒരു വിവാദത്തിന്റെയും പ്രശ്‌നമില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

എല്ലാ തീര്‍ഥാടകര്‍ക്കും ദര്‍ശനം ഒരുക്കുന്ന സാഹചര്യം ഉണ്ടാവും. ഭക്തര്‍ക്ക് പൂര്‍ണമായ സുരക്ഷിതത്വവും സുഗമമായ ദര്‍ശനവും ലഭിക്കുന്നതിന് വേണ്ടിയാണ് എണ്ണം നിജപ്പെടുത്തിയത്. നേരിട്ട് സ്‌പോട് ബുക്കിങ്ങ് ഉണ്ടാവില്ല. തീര്‍ഥാടകര്‍ക്കായി ഇടത്താവളങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*