ലഖ്‌നൗ : ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ ചിൻഹട്ട് ശാഖയിൽ കവർച്ച. ലഖ്‌നൗവിലെ മതിയാരിയിലുള്ള ശാഖയിലാണ് മോഷണം നടന്നതെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയാണ് (ഡിസംബർ 22) ബാങ്കിലെ ഏതാനും ലോക്കറുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്.
ആളൊഴിഞ്ഞ പ്രദേശത്തോട് ചേർന്നുള്ള ബാങ്കിന്‍റെ മതിലിൽ ദ്വാരമുണ്ടാക്കിയാകാം പ്രതികൾ മോഷണം നടത്തിയിട്ടുണ്ടാവുക എന്ന് ബാങ്ക് മാനേജർ മനോജ് സന്ദീപ് സിങ് പറഞ്ഞു. അതേസമയം നാലംഗ സംഘമാണ് ബാങ്കിൽ കവർച്ച നടത്തിയത് എന്ന നിഗമനത്തിലാണ് പൊലീസ്.
മോഷ്‌ടാക്കളെ പിടികൂടുന്നതിനായി ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷണം നടക്കുമ്പോൾ ബാങ്കിൽ അലാറമോ സെക്യൂരിറ്റി ജീവനക്കാരനോ ഉണ്ടായിരുന്നില്ലെ എന്ന് പൊലീസ് ചോദിച്ചു. എന്നാൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും കവർച്ച നടന്നതായാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
‘ലഖ്‌നൗവിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ ചിൻഹട്ട് ശാഖയിലെ ഏതാനും ലോക്കറുകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തി. ചിൻഹട്ട് ബ്രാഞ്ചിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും ബാങ്കിൽ മോഷണം നടന്നു’ എന്ന് ബാങ്ക് പ്രസ്‌താവനയിൽ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ അധികാരികളെ പിന്തുണയ്ക്കാൻ തങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്, കൂടാതെ പ്രാദേശിക നിയമ നിർവഹണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾക്ക് ബാങ്കിന് ഇൻഷുറൻസ് പരിരക്ഷയുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെയും അവരുടെ ആസ്‌തികളുടെയും സുരക്ഷയിൽ വീഴ്‌ച വരുത്തില്ലെന്നും ബാങ്ക് പ്രസ്‌താവനയിൽ വ്യക്തമാക്കി.
Be the first to comment