ക്യാൻസര്‍ പ്രതിരോധത്തിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്യാൻസര്‍ വരാതിരിക്കാൻ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നതാണ് സത്യം.  പാരമ്പര്യഘടകങ്ങളാണ് അധികപേരിലും ക്യാൻസറിന് കാരണമാകുന്നത്.  ചിലരില്‍ പാരമ്പര്യഘടകങ്ങള്‍ക്കൊപ്പം ജീവിതരീതികളിലെ പിഴവുകള്‍ കൂടിയാകുമ്പോള്‍ ക്യാൻസര്‍ രോഗത്തിന് വളരാനുള്ള അനുകൂല സാഹചര്യം എളുപ്പത്തിലുണ്ടാകുന്നു. 

ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാൻസര്‍ കേസുകളില്‍ 40 ശതമാനവും നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് എന്ന് ദില്ലിയില്‍ നിന്നുള്ള പ്രമുഖ ഓങ്കോളജിസ്റ്റ്  പറയുന്നു. 

പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധ കൊടുക്കേണ്ട കാര്യം.  ധാരാളം പച്ചക്കറികളും പഴങ്ങളുമെല്ലാം കഴിക്കണം.  പൊടിക്കാത്ത ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ എന്നിവയും ഡയറ്റിലുള്‍പ്പെടുത്തുക.  പലരും പതിവായി പുറത്തുനിന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ അധികവും നോണ്‍-വെജ് ആയിരിക്കും കഴിക്കുക. ഇങ്ങനെ എപ്പോഴും നോണ്‍-വെജ് മാത്രം കഴിക്കുന്നത് ആരോഗ്യത്തിന് പല കുറവുകളും ഉണ്ടാകുന്നതിലേക്കാണ് നയിക്കുക.  ഈ പ്രശ്നങ്ങളാകട്ടെ ക്രമേണ ക്യാൻസറിന് കൂടുതല്‍ അവസരമൊരുക്കുന്നു. 

അതുപോലെ പഴങ്ങളോ പച്ചക്കറികളോ കഴിക്കാതിരിക്കുന്നതും ആരോഗ്യത്തിന് അപകടം തന്നെ.  പല രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.  ക്യാൻസറും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. 

ഭക്ഷണം അമിതമായി കഴിക്കുന്നത്, ശരീരഭാരം വല്ലാതെ കൂടുന്നത് എല്ലാം ക്യാൻസര്‍ സാധ്യത കൂട്ടുന്ന കാര്യങ്ങളാണ്.  അതിനാല്‍ ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം അളവിലും ശ്രദ്ധ നല്‍കുക.  ശരീരഭാരം എപ്പോഴും ഉയരത്തിനും പ്രായത്തിനും അനുസരിച്ച് തന്നെ സൂക്ഷിക്കാൻ ശ്രമിക്കണം.  അമിതവണ്ണം സ്തനാര്‍ബുദം, മലാശയ അര്‍ബുദം, എൻഡോമെട്രിയല്‍ ഭാഗങ്ങളിലെ അര്‍ബുദം എന്നിവയിലേക്കെല്ലാം നയിക്കാം. 

റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയും പതിവായി ഉപയോഗിക്കരുത്.  ഇവയും ക്യാൻസര്‍ സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.  പല പഠനങ്ങളും നേരത്തെ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളതാണ്.  മീൻ, ചിക്കൻ എന്നിവയാണ് നോണ്‍-വെജില്‍ തന്നെ കുറെക്കൂടി സുരക്ഷിതമായിട്ടുള്ള വിഭവങ്ങള്‍.  വെജിറ്റേറിയൻസ് ആണെങ്കില്‍ ബീൻസ്, പരിപ്പ്- പയര്‍ വര്‍ഗങ്ങളെല്ലാം പ്രോട്ടീനിനായും മാംസാഹാരത്തിന് പകരമായും കഴിക്കാവുന്നതാണ്. 

പുകവലിയും മദ്യപാനവും ഉണ്ടെങ്കില്‍ ഇവ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിലും ക്യാൻസര്‍ സാധ്യത കൂടും.  പുകവലി തീര്‍ത്തും ഉപേക്ഷിച്ചേ പറ്റൂ.  മദ്യപാനമാണെങ്കില്‍ വളരെയധികം നിയന്ത്രിക്കണം.  ഇവ കൂടി ഡയറ്റിന്‍റെ ഭാഗമായി ശ്രദ്ധിക്കാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*