
ടെക്‌സാസ്: വലിയ മുന്നേറ്റവുമായി സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മൂന്നാം വിക്ഷേപണം. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. ടെസാസിലെ ബോക്കാ ചികയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ സമയം വ്യാഴം വൈകീട്ട് 6.55 നായിരുന്നു വിക്ഷേപണം. ടെക്‌സാസില്‍ നിന്ന് വിക്ഷേപിച്ച് ഒരു മണിക്കൂറിന് ശേഷം ഇന്ത്യന്‍ സമുദ്രത്തില്‍ പേടകം ഇറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടമായതായി സ്‌പേസ് എക്‌സ് അറിയിച്ചു.
എന്തായാലും വിജയകരമായി വിക്ഷേപണം നടത്തുന്നതിലും നിശ്ചിത ഉയരത്തില്‍ വെച്ച് രണ്ട് ഘട്ടങ്ങള്‍ തമ്മില്‍ വേര്‍പെടുത്തുന്നതിലും സ്‌പേസ് എക്‌സ് വിജയിച്ചു. ബഹിരാകാശത്തെത്തിയ ഏറ്റവും വലിയ പേടകമാണ് സ്റ്റാര്‍ഷിപ്പ്. തിരിച്ചിറങ്ങുന്നതിനിടെ ബന്ധം നഷ്ടമാവുന്നത് വരെയുള്ള വ്യക്തമായ ദൃശ്യങ്ങള്‍ സ്‌പേസ് എക്‌സ് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കുന്ന ആര്‍ട്ടെമിസ് ദൗത്യം ഉള്‍പ്പടെ നാസയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങളിലെ പ്രധാന ഘടകമാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്.സ്റ്റാര്‍ഷിപ് ബഹിരാകാശ പേടകവും, സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററും ചേര്‍ന്നതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ഇത് രണ്ടും കൂടി ചേര്‍ന്ന് 121 മീറ്റര്‍ ഉയരമുണ്ട് റോക്കറ്റിന്.
താഴെയുള്ള സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററിന് 71 മീറ്റര്‍ ഉയരമുണ്ട്. 3400 ടണ്‍ ഇന്ധനം വഹിക്കും. 33 റാപ്റ്റര്‍ എഞ്ചിനുകളുള്ള ബൂസറ്ററിന് 7600 ടണ്‍ ത്രസ്റ്റ് സൃഷ്ടിക്കാനാവും. മുകളിലുള്ള സ്റ്റാര്‍ഷിപ്പിന് 50 മീറ്റര്‍ ഉയരമുണ്ട്. 3 റാപ്റ്റര്‍ എഞ്ചിനുകളും 3 റാപ്റ്റര്‍ വാക്കം എഞ്ചിനുകളുമാണ് ഇതിനുള്ളത്. ഇരു ഭാഗങ്ങളും സമുദ്രനിരപ്പില്‍ നിന്ന് 70 കിലോമീറ്റർ ഉയരത്തില്‍ വെച്ചാണ് വേര്‍പെട്ടത്. ശേഷം റോക്കറ്റ് ബൂസ്റ്റര്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങുകയും കടലില്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തു. അതേസമയം സ്റ്റാര്‍ഷിപ്പ് പേടകം 26000 കിലോമീറ്ററിലധികം വേഗത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 230 കിലോമീറ്ററിലധികം ഉയരത്തിലെത്തിലേക്ക് സഞ്ചരിച്ചു.
തിരിച്ചിറങ്ങാനുള്ള ശ്രമത്തിനിടെ 75 കിമീ ഉയരത്തില്‍ വെച്ചാണ് സ്റ്റാര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടമായത്. എന്തായാലും രണ്ട് ഭാഗങ്ങളും വിക്ഷേപണത്തിനിടെ ബന്ധം നഷ്ടമായി തകര്‍ന്നതിനാല്‍ സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം നടത്തും. സ്‌പേസ് എക്‌സിനെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റത്തിനാണ് മൂന്നാം ദൗത്യത്തിലൂടെ സാധിച്ചിരിക്കുന്നത്. മൂന്നാം ദൗത്യത്തിലെ പരാജയകാരണങ്ങള്‍ വിലയിരുത്തി അടുത്ത വിക്ഷേപണം കൂടുതല്‍ മെച്ചപ്പെടുത്താനും മുന്നേറാനും സ്‌പേസ് എക്‌സിന് സാധിക്കും.
Be the first to comment