പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കൊടകര കുഴപ്പണക്കേസിൽ വെളിപ്പെടുത്തൽ വന്നിട്ടും അന്വേഷണം വൈകിപ്പിക്കുന്നത് കൃഷ്ണകുമാറിന് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന് തിരൂർ സതീഷ് ആരോപിച്ചു.
കൊടകര കേസ് നടക്കുന്ന സമയത്ത് ബിജെപിയുടെ ജനറൽ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാർ. ജില്ലയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് കൃഷ്ണകുമാറിന് നല്ല അറിവുണ്ട്.അതുകൊണ്ട് അന്വേഷണം ബോധപൂർവ്വം വൈകിപ്പിക്കുകയാണോ എന്നാണ് സംശയം.
അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുകയാണോ എന്ന് ആശങ്കയുണ്ടെന്നും തിരൂർ സതീഷ് കൂട്ടിച്ചേർത്തു.
തന്റെ വെളിപ്പെടുത്തൽ വന്ന് 20 ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടി ഉണ്ടായിട്ടില്ല. അന്വേഷണം വൈകുന്നതുപോലും ഭീഷണിയുടെ ഭാഗമാണോ എന്നാണ് സംശയം. അന്വേഷണ സംഘം മൊഴിയെടുക്കാൻ വരുമെന്ന അറിവ് തനിക്ക് ഇതുവരെ ഇല്ലെന്നും നല്ല രീതിയിലുള്ള അന്വേഷണമാണ് വരുന്നതെങ്കിൽ പൂർണ്ണമായി സഹകരിക്കും. കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുക തന്നെ ചെയ്യും. മാധ്യമങ്ങളിൽ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ തെളിവുകളും രേഖകളും അന്വേഷണ സംഘത്തിന് കൈമാറുമെന്നും സതീഷ് വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലായിരുന്നു തിരൂർ സതീഷ് നടത്തിയത്. കുഴൽപ്പണം കടത്തിയ ധർമ്മരാജൻ ബിജെപി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നും നാല് ചാക്ക് കെട്ടുകളിലായി ആറുകോടി രൂപ എത്തിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക നടപടികൾ പോലും ഇതുവരെയും പ്രത്യേക അന്വേഷണ സംഘത്തിന് ആരംഭിക്കാനായില്ല. കഴിഞ്ഞദിവസമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് തന്നെ പുറത്തിറങ്ങിയത്. ഡിഐജി തോംസൺ ജോസിന് മേൽനോട്ട ചുമതല നൽകിയുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇരിങ്ങാലക്കുട കോടതി 21ന് പരിഗണിക്കും. സാങ്കേതിക തടസ്സങ്ങളെ തുടർന്നാണ് അപേക്ഷ തീർപ്പാക്കാൻ വൈകുന്നതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
Be the first to comment