തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്‌കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലേബര്‍ റൂം 97.5%, മറ്റേര്‍ണിറ്റി ഒ.ടി 98.5% എന്നീ സ്‌കോറുകളോടെയാണ് അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്.
കേരളത്തില്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കൂടുതല്‍ ആശുപത്രികളെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. മാതൃശിശു മരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യ അക്രഡിറ്റേഷന്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്.
ലോകോത്തര നിലവാരത്തിലുളള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തരമുളള ശൂശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷന്‍ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
Be the first to comment