‘എംബി രാജേഷിനെതിരായി നിയമസഭയിൽ അവകാശലംഘന നോട്ടിസ് നൽകും’: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം : മന്ത്രി എംബി രാജേഷിനെതിരായി നിയമസഭയിൽ അവകാശ ലംഘന നോട്ടിസ് നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കോട്ടയം നഗരസഭയ്‌ക്കെതിരെയുണ്ടായ അഴിമതി ആരോപണം സംബന്ധിച്ച് സാങ്കേതിക പിഴവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടും കണക്കുകൾ നിരത്തി ഗുരുതരമായ ക്രമക്കേട് നടന്നെന്ന് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രി പ്രത്യേക അവകാശ ലംഘനമാണ് നടത്തിയതെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി സഭയെ തെറ്റിധരിപ്പിക്കുകയാണ് ചെയ്‌തതെന്നും തിരുവഞ്ചൂർ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ബ്രൂവെറി നടപ്പാക്കുമെന്ന് സർക്കാർ വാശി പിടിക്കുന്നത് സംശയം ജനിപ്പിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അറിയിച്ചു. എൽഡിഎഫ് നേതാക്കന്മാരും ഘടകകക്ഷികളും പദ്ധതിക്കെതിരായിട്ടും നടപ്പാക്കിയേ അടങ്ങു എന്ന നിലപാട് എന്തോ കമ്മിറ്റ്‌മെൻ്റ് ഇക്കാര്യത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം ആരോപിച്ചു.

റബർ വില ഉയർത്തേണ്ടവർ തന്നെ റബറിന് വിലയില്ലയെന്ന് പറഞ്ഞാൽ എന്തു ചെയ്യുമെന്നു തിരുവഞ്ചൂർ ചോദിച്ചു. റബർ വില സ്ഥിരതാ ഫണ്ടിന് അനുവദിച്ച പണം തന്നെ ലാപ്‌സാക്കി കളയുന്നു. തുക കുറച്ചെങ്കിലും വർധിപ്പിച്ച് സർക്കാരിന് റബർ കർഷകരെ രക്ഷിച്ചുകൂടെയെന്നും തിരുവഞ്ചൂർ ചോദിച്ചു. വില വർധിപ്പിക്കേണ്ടവർ തന്നെ പരാതി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*