ഒറ്റപ്പെട്ടപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല ; അമ്മ എക്‌സിക്യൂട്ടീവ് നിലപാട് തള്ളി ജഗദീഷ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയില്‍ ഭിന്നത. സംഘടനയുടെ നിലപാട് ഔദ്യോഗിക വിശദീകരിച്ച് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും അംഗങ്ങളും രംഗത്തെത്തിയതിന് പിന്നാലെ ഭിന്ന നിലപാടുമായി സംഘടനയുടെ വൈസ് പ്രസിഡന്റ് ജഗദീഷ് രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു എന്ന മുഖ വരയോടെ ആയിരുന്നു ജഗദീഷ് വിഷയത്തില്‍ പ്രതികരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഒറ്റപ്പെട്ട സംഭവം ആണെന്ന് പറഞ്ഞ് സംഘടനയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. ആരോപങ്ങള്‍ പഴയതാണെങ്കിലും അന്വേഷണം വേണം. ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളില്‍ പരാതിയില്ലെങ്കിലും കേസെടുത്ത് അന്വേഷണം നടത്തണം. വേട്ടക്കാരുടെ പേരുകള്‍ പുറത്തുവരണം എന്നും ജഗദീഷ് പ്രതികരിച്ചു. പവര്‍ ഗ്രൂപ്പ് ആലങ്കാരിക പദമാണ്, കോടികള്‍ മുടക്കി നടക്കുന്ന വ്യവസായത്തില്‍ സ്വാധീന ശക്തികള്‍ എന്ന നിലയില്‍ ആയിരിക്കും ആ പരമാര്‍ശം ഉണ്ടായത്.

ആരോപണങ്ങള്‍ നേരിടുന്നവര്‍ അഗ്നിശുദ്ധിവരുത്തട്ടെ, ഹേമ കമിറ്റി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവിടേണ്ടതായിരുന്നു. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഇപ്പോള്‍ പറയുന്ന പരാതികള്‍ കുറയുന്ന നിലയുണ്ടാകുമായിരുന്നു എന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല, ചോദ്യങ്ങള്‍ ഉയരേണ്ടവ തന്നെയായിരുന്നു എന്നും ജദീഷ് പ്രതികരിച്ചു.

മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആരും സംഘടനയോടു പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു കൊച്ചിയില്‍ അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. അറിയാത്ത കാര്യത്തിൽ എങ്ങനെയാണ് നടപടിയെടുക്കുക എന്ന് ചോദിച്ച അംഗങ്ങള്‍ ഇന്നുവരെ സിനിമയിലെ ആരും തന്നോടു മോശമായി പെരുമാറുകയോ വാതിലിൽ മുട്ടുകയോ അഡ്‌ജസ്റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നു പ്രതികരിച്ചിരുന്നു.

റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മ സംഘടനയ്ക്ക് എതിരല്ലെന്നും. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ പറയുന്ന കുറ്റ കൃത്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തണം എന്നുമായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖിന്റെ പ്രതികരണം. എല്ലാവരും മോശക്കാരാണ് എന്ന് തരത്തിലുള്ള പരാമര്‍ശത്തോട് എതിര്‍പ്പുണ്ട്. എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ട്, പക്ഷേ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല.

അത്തരം സാഹചര്യം വിഷമം ഉണ്ടാക്കുന്നു എന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പാക്കണം എന്ന് സര്‍ക്കാരിനോട് താര സംഘടന ആവശ്യപ്പെടുന്നു എന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടിയിരുന്നു. ജനറൽ സെക്രട്ടറി സിദ്ധിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*