തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് മികച്ച വിജയം. ഇന്നിങ്സിനും 117 റണ്‍സിനുമാണ് കേരളത്തിന്റെ ജയം. രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് നേട്ടം കൈവരിച്ച ജലജ് സക്സേനയുടെ പ്രകടനമാണ് കേരളത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. സക്‌സേന തന്നെയാണ് കളിയിലെ താരവും.
തുമ്പ സെന്റ്.സേവ്യര്‍ കെസിഎ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കേരളത്തിന്റെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഉത്തര്‍പ്രദേശിന്റെ ബാറ്റിങ് നിര മുട്ടുകുത്തുകയായിരുന്നു. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് തുമ്പയില്‍ കേരളം മിന്നും പ്രകടനം കാഴ്ച്ചവെക്കുന്നത്. നേരത്തെ നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരെയും കേരളം രാജകീയ വിജയം നേടിയിരുന്നു.
കേരളം ഉയര്‍ത്തിയ 233 റണ്‍സിന്റെ ലീഡ് മറികടക്കുവാന്‍ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് പുനരാരംഭിച്ച ഉത്തര്‍പ്രദേശ് ആദ്യ സെഷനില്‍ തന്നെ 37.5 ഓവറില്‍ 116 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ സക്സേന ആറു വിക്കറ്റും സര്‍വതെ മൂന്ന് വിക്കറ്റും നേടി. ആസിഫ് കെ.എമ്മിന് ഒരു വിക്കറ്റും ലഭിച്ചു. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സക്സേന 35 റണ്‍സും സ്വന്തമാക്കിയിരുന്നു.
അവസാന ദിനം 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഉത്തര്‍പ്രദേശിന് നഷ്ടമായത് മൂന്ന് വിക്കറ്റാണ്. ഓപ്പണര്‍ മാധവ് കൗഷിക്കിനെ സര്‍വതെ പുറത്താക്കിയപ്പോള്‍ നിതീഷ് റാണയുടെ വിക്കറ്റ് സക്സേനയും വീഴ്ത്തി. വെറും 15 റണ്‍സ് മാത്രമാണ് നിതീഷ് റാണയ്ക്ക് നേടാനായത്. തുടര്‍ന്നെത്തിയ സമീര്‍ റിസ്വിയെ സക്സേന പൂജ്യത്തിന് പുറത്താക്കി. ബേസില്‍ തമ്പി ക്യാച്ചെടുത്താണ് സമീര്‍ പുറത്തായത്. ശിവം മാവിയെ ആദിത്യ സര്‍വതെയും പൂജ്യത്തിന് പുറത്താക്കി. പീയുഷ് ചൗള, സൗരഭ് കുമാര്‍, ശിവം ശര്‍മ എന്നിവര്‍ക്ക് രണ്ടക്കം കാണാനായില്ല. ഒരു റണ്‍സെടുത്ത പിയുഷ് ചൗളയെ സര്‍വതെ അക്ഷയ് ചന്ദ്രന്റെ കൈകളിലെത്തിച്ചാണ് പുറത്താക്കിയത്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓപ്പണര്‍ മാധവ് കൗഷിക്കിന് മാത്രമാണ് അല്‍പമെങ്കിലും ക്രീസില്‍ പിടിച്ചുനില്‍ക്കാനായത്. 78 പന്ത് നേരിട്ട കൗഷിക് നാല് ഫോര്‍ ഉള്‍പ്പെടെ 36 റണ്‍സ് നേടി.
Be the first to comment