കണ്ണൂർ: കടന്നപ്പള്ളി തെക്കെക്കരയിൽ കൂടിയ കാണികൾക്ക് മുന്നിൽ വനിതാ മെസ്സിലെ കഥാപാത്രങ്ങളായി ആടിത്തീർക്കുമ്പോൾ അഞ്ജലിയും ജെസി മോഹനനും അറിഞ്ഞിരുന്നില്ല ഇത് അവരുടെ അവസാന വേഷങ്ങളായിരിക്കുമെന്ന്. വ്യാഴാഴ്ച രാത്രി കടന്നപ്പള്ളി തെക്കെക്കര റെഡ് സ്റ്റാറിൻ്റെ നാടകോത്സവത്തിലാണ് വനിതാ മെസ് എന്ന നാടകം അവതരിപ്പിച്ചത്.
രാത്രി 7.30നാണ് തെക്കെക്കരയിൽ നാടകം തുടങ്ങിയത്. വൻ ജനാവലിയാണ് കായങ്കുളം ദേവ കമ്യുണിക്കേഷൻസ് അവതരിപ്പിച്ച നാടകം കാണാനായി തെക്കെക്കരയിലെത്തിയത്. രാജീവൻ മമ്മിളി സംവിധാനം ചെയ്ത കോമഡിക്ക് പ്രാധാന്യം നൽകിയ ഈ നാടകം കോമഡിക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു. വനിതാ ശാക്തീകരണവും പുരുഷ മേധാവിത്വവും തമ്മിലുള്ള ഏറ്റുമുട്ടലുകളും സഹിക്കാനും പൊറുക്കാനുള്ളവയുമാണ് കുടുംബ ബന്ധങ്ങൾ എന്ന ആശയം വിളംബരം ചെയ്യുന്നതായിരുന്നു. ഒന്നിച്ചു ജീവിക്കുന്നവർ വേർപിരിയേണ്ടത് മരണത്തിലൂടെ മാത്രമാണ് എന്ന സന്ദേശം നൽകിയാണ് വനിതാ മെസ് നാടകം അവസാനിക്കുന്നത്.
പത്തുമണിയോടെ അവസാനിച്ച നാടകത്തിന് ശേഷം സംഘാടകർ നൽകിയ ഭക്ഷണവും കഴിച്ചാണ് പതിനൊന്നരയോടെ നാടക സംഘം വെള്ളിയാഴ്ച നാടകം അവതരിപ്പിക്കേണ്ട സുൽത്താൻബത്തേരിയിലേക്ക് തിരിച്ചത്. കേളകം മലയാം പാടിയിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണമായത് വഴിയെ കുറിച്ച് യാതൊരു പരിചയമില്ലാത്തതും രാത്രി ഏറെ വൈകിയുള്ളയാത്രയുമാണ്. നിടുംപൊയിൽ -പേര്യ ചുരം വഴിയുള്ള യാത്ര റോഡിൽ ഗർത്തങ്ങൾ ഉണ്ടായതിനെ തുടർന്ന് നിരോധിച്ചതിനാൽ ബോയ്സ് ടൗൺ വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങൾ പോയിരുന്നത്. ഏലപ്പീടിക വഴി ചെറു വാഹനങ്ങൾക്ക് മാത്രം പോകാനാവുന്ന മറ്റൊരു റോഡിലുടെ എത്താനാണ് ഇവർ ശ്രമിച്ചത്. ഗൂഗിൾ മാപ്പ് പറഞ്ഞു കൊടുത്ത എളുപ്പവഴിയായിരുന്നു ഇത്.
രാത്രിയിൽ ഗൂഗിൾ മാപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ച് സ്റ്റിയറിങ് തിരിച്ച ഡ്രൈവർ അറിഞ്ഞിരുന്നില്ല മുന്നിൽ കാത്തിരുന്ന അപകടം. ആഴമുള്ള താഴ്ച്ചയിലേക്ക് ബസ് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. മുൻ സീറ്റിലിരിക്കുകയായിരുന്ന അഞ്ജലിയും ജെസി മോഹനനുമാണ് മരിച്ചത്. വേദിയിൽ നിന്ന് വേദിയിലേക്കുള്ള നാടക അവതരണത്തിൽ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവർ കുടുംബം നോക്കിയിരുന്നത്. മരണപ്പെട്ട അഞ്ജലിക്ക് ഒരു കുഞ്ഞുണ്ട്. ജെസിയുടെ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്. രണ്ടു കുടുംബത്തിനും തീരാ നഷ്ടമായിരിക്കുകയാണ് കലാകാരികളുടെ വിയോഗം.
Be the first to comment