ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘രായനി’ലൂടെ കോളിവുഡ് ബോക്സ്ഓഫീസിന് പുത്തനുണർവ് വന്നിരിക്കുന്നു എന്ന് തന്നെ പറയാം. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നിരിക്കുകയാണ്. ഇതോടെ 150 കോടി ക്ലബിൽ ഇടം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമായി രായൻ മാറിയിരിക്കുകയാണ്.
ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രം കൂടിയാണ് രായൻ. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 75 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഒരു ധനുഷ് സിനിമ തമിഴ്‌നാട്ടിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായൻ. ചിത്രം നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. ഒരു റിവഞ്ച് ആക്ഷൻ ഡ്രാമ ചിത്രമാണ് രായൻ.
സൺ പിക്ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
സിനിമ ഈ മാസം 30 ന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും എന്ന റിപ്പോർട്ടുകളുണ്ട്. സൺ പിക്ചേഴ്സ് ആണ് സിനിമയുടെ നിർമ്മാണം എന്നതിനാൽ തന്നെ സൺ നെക്സ്റ്റിലൂടെയും സിനിമ കാണാൻ കഴിഞ്ഞേക്കുമെന്നും സൂചനകളുണ്ട്.
Be the first to comment