കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രകളിൽ ഒന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേത്. ജനസാഗരത്തിന് നടുവിലൂടെ ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവ് തിരുവനന്തപുരം മുതൽ പുതുപ്പള്ളിവരെയുള്ള അന്ത്യയാത്ര ചെയ്തപ്പോൾ ഇരുവശങ്ങളിലും അദ്ദേഹത്തിന്റെ ഭൗതിക ദേഹം കാണാൻ പിതിനായിരങ്ങളാണ് കാത്തിരുന്നത്. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ 36 മണിക്കൂർ നീണ്ട സാഹസിക യാത്രയ്ക്കായി ഉപയോഗിച്ചത് കെഎസ്ആർടിസി ലോ ഫ്ളോർ ബസായിരുന്നു.ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തുന്നവർക്ക് ഇനി ഈ ലോ ഫ്ളോർ ബസിനേയും കൂടെ കാണാൻ സാധിക്കുമെന്നുള്ളതാണ് പുതിയ വാർത്ത. ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം വഹിച്ച ലോഫ്ളോർ ബസിന്റെ മാതൃക ഇപ്പോൾ അദ്ദേഹത്തിന്റെ കല്ലറിയിൽ സ്ഥാപിച്ചിരിക്കുകയാണ്.
ബസിന്റെ മിനിയേച്ചർ രൂപമാണ് ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്നത്. തെങ്ങണയിലെ ബ്ളൂ ബേർഡ് ഗ്രാഫിക്സ് ഉടമ തോട്ടയ്ക്കാട് മാത്തൂർ ജോണിക്കുട്ടി വറുഗീസിന്റെ നേതൃത്വത്തിലാണ് മിനിയേച്ചർ നിർമിച്ചത്. ഇരുപതിനായിരത്തിലെറെ രൂപ മുടക്കി ഒന്നരയാഴ്ചയോളമെടുത്താണ് ഈ ബസ് രൂപം തയ്യാറാക്കിയത്. ഉമ്മൻചാണ്ടിയുടെ ജൻമദിനമായ ഒക്ടോബർ 31വരെ മിനിയേച്ചർ കല്ലറയിലുണ്ടാവുമെന്ന് കോട്ടയം കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടു പോകുന്ന ബസിൻ്റെ അതേ രൂപത്തിൽ തന്നെയാണ് മിനിയേച്ചർ പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ ചിത്രങ്ങൾ ചാർത്തി പുഷ്പമാലകൾ കൊണ്ടലങ്കരിച്ചാണ് ബസ് സഞ്ചരിച്ചത്. അതേ രൂപം തന്നെയാണ് മിനകിയേച്ചർ പതിപ്പിനും നൽകിയിരിക്കുന്നത്. ഫോറെക്സ് ഷീറ്റ്, അക്രാലിക് അലൂമിനിയം കോംപാക്ട് പാനൽ, തുണി, സ്റ്റിക്കർ, തുടങ്ങിയ വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചത്. നാലടി നീളവും ആനുപാതികമായ പൊക്കവുമാണ് മിനിയേച്ചർ പതിപ്പിനുള്ളത്.
പുതുപ്പള്ളി മണ്ഡലംകാരനായ ജോണിക്കുട്ടി ഉമ്മൻചാണ്ടിയോടുള്ള അടുപ്പം മൂലമാണ് ഇത്തരമൊരു ചിന്തയിലേയ്ക്ക് കടന്നത്. ആശയം ജീവനക്കാരോടു പറഞ്ഞപ്പോൾ അവരും ഒപ്പം ചേർന്നു. ജീവനക്കാരായ സുബിൻ വറുഗീസ്, പവൻ മാത്യു, കിച്ചു വിഷ്ണു എന്നിവരാണ് ബസിന്റെ മിനിയേച്ചർ പതിപ്പ് സൃഷ്ടിക്കാൻ മുൻകൈയെടുത്തത്. ബസിലെ പൂമാലകളും ഉമ്മൻചാണ്ടിയുടെ ചിത്രങ്ങളുമെല്ലാം മിനിയേച്ചറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബസിനുള്ളിൽ മൊബൈൽ മോർച്ചറിക്ക് സമീപം കൂപ്പുകൈകളോടെ ചാണ്ടിഉമ്മൻ നിൽക്കുന്നതും കാണാൻ കഴിയും.
Be the first to comment