മൂന്നു നിലകള്‍; 380 അടി നീളം, 250 അടി വീതി, 161 അടി ഉയരം; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സവിശേഷതകള്‍ നോക്കാം

ന്യൂഡൽഹി: അയോധ്യയിൽ നിർമ്മാണം പൂർത്തിയാകുന്ന രാമക്ഷേത്രത്തിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്ത്. പരമ്പരാഗത നാഗര ശൈലിയിൽ മൂന്ന് നിലകളിലായാണ് ക്ഷേത്ര നിർമ്മാണം. 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്. ഓരോ നിലയിലെയും ക്ഷേത്രത്തിന് 20 അടി ഉയരമുണ്ട്. ക്ഷേത്രത്തിന് 392 തൂണുകൾ, 44 വാതിലുകൾ, അഞ്ച് മണ്ഡപങ്ങൾ എന്നിവയുണ്ട്. ശ്രീരാമ ലല്ലയുടെ വിഗ്രഹം (ബാല രൂപത്തിലുള്ള ശ്രീരാമൻ) ആണ് പ്രധാന ശ്രീകോവിലിലുള്ളത്. ശ്രീരാമ ദർബാർ ഒന്നാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്.

നൃത്ത മണ്ഡപം, രംഗമണ്ഡപം, സഭ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നീ അഞ്ചു മണ്ഡപങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ദേവന്മാരുടേയും ദേവതമാരുടേയും ശിൽപ്പരൂപങ്ങൾ തൂണുകളിലും ഭിത്തിയിലും കൊത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കിഴക്കു വശത്തു നിന്നാണ്. 32 പടികളാണുള്ളത്. ഭിന്നശേഷിക്കാർ, വൃദ്ധർ തുടങ്ങിയവർക്കായി റാമ്പുകളും ലിഫ്റ്റുകളുമുണ്ടാകും. ക്ഷേത്രത്തിനു ചുറ്റും ദീർഘചതുരാകൃതിയിലുള്ള മതിലുണ്ട്. നാല് ദിശകളിലുമായി അതിന്റെ ആകെ നീളം 732 മീറ്ററും വീതി 14 അടിയുമാണ്. സൂര്യഭഗവാൻ, അമ്മ ഭഗവതി, ഗണപതി, പരമശിവൻ എന്നിവരുടെ ക്ഷേത്രങ്ങൾ നാലു മൂലകളിലായിട്ടുണ്ട്. വടക്കുഭാഗത്ത് മാതാ അന്നപൂർണയും തെക്കുഭാഗത്ത് ഹനുമാന്റെയും ക്ഷേത്രമുണ്ട്. പുരാതന കാലത്തെ കിണർ എന്നു കരുതപ്പെടുന്ന സീതാകൂപ്പ് ക്ഷേത്രത്തിന് സമീപത്തുണ്ട്.

ഇരുമ്പ് ക്ഷേത്രനിർമ്മിതിക്ക് ഉപയോഗിച്ചിട്ടില്ല. കോൺക്രീറ്റിന് പകരം 14 മീറ്റർ കനത്തിൽ ആർസിസി (റോളർ കോംപാക്ടഡ് കോൺക്രീറ്റ്) ആണ് തറയിൽ പാകിയിട്ടുള്ളത് ഇതുമൂലം കൃത്രിമപാറയുടെ അനുഭവം ലഭിക്കും. തീർത്ഥാടകരുടെ സൗകര്യത്തിനായി പിൽഗ്രിം ഫെസിലിറ്റി സെന്റർ നിർമ്മിച്ചിട്ടുണ്ട്. ഒരേസമയം 25,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് സെന്റർ നിർമ്മിച്ചിട്ടുള്ളത്. തീർത്ഥാടകരുടെ ലഗേജുകൾ അടക്കം സൂക്ഷിക്കാനുള്ള ലോക്കറുകൾ ഇതിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വൈദ്യസഹായത്തിനുള്ള സൗകര്യങ്ങളുമുണ്ട്.

തീർത്ഥാടകർക്കായി ശുചിമുറികൾ, വാഷ് ബേസിനുകൾ, പൊതു ടാപ്പുകൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. പൂർണമായും ഇന്ത്യൻ പാരമ്പര്യമനുസരിച്ചും തദ്ദേശീയ സാങ്കേതിക വിദ്യയിലുമാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പരിസ്ഥിതി-ജല സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മൊത്തം 70 ഏക്കർ വിസ്തൃതിയിൽ നീണ്ടു പരന്നു കിടക്കുന്ന ക്ഷേത്രഭൂമിയിൽ 70 ശതമാനം പ്രദേശവും ഹരിത ഭംഗിയോടെ നിലനിൽക്കുന്നു. ജനുവരി 22 ന് നടക്കുന്ന ചടങ്ങിലാണ് ക്ഷേത്രപ്രതിഷ്ഠ നടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*