മൂന്ന് ലക്ഷം സൈനികര്‍ അതിര്‍ത്തിയിലേക്ക്; ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

ഗാസ മുനമ്പില്‍ സംഘര്‍ഷത്തിന്റെ അഞ്ചാം ദിനം കരയുദ്ധത്തിന് തയാറെടുത്ത് ഇസ്രയേല്‍. മൂന്നു ലക്ഷം സൈനികരെ ഗാസ മുനമ്പിലെ അതിര്‍ത്തിയില്‍ വിന്യസിച്ച ഇസ്രയേല്‍ ഹമാസിനെ ഗാസയില്‍ നിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചു. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് പ്രഖ്യാപിച്ചത്. ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലട്ടും പ്രഖ്യാപിച്ചു.

ഹമാസിനെതിരേ ഇസ്രയേല്‍ നിലപാട് കടുപ്പിച്ചതോടെ ഗാസയില്‍ കൂട്ടക്കുരുതി ഒഴിവാക്കാന്‍ മാനുഷിക ഇടനാഴി തുറക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് അമേരിക്ക ഇന്ന് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ഥന പ്രകാരമാണ് അമേരിക്ക വിഷയത്തില്‍ ഇടപെടാന്‍ തയാറായത്.

ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള പോരാട്ടം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഭക്ഷണവും കുടിവെള്ളവും അവശ്യമരുന്നുകളുമില്ലാതെ ഗാസയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ക്ക് സഹായം എത്തിക്കുന്നതിന് മാനുഷിക ഇടനാഴി സ്ഥാപിക്കണമെന്നും ലോകാരോഗ്യ സംഘടന ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഭരണകൂടം അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെയാണ് യുഎസിനെയും ഐക്യരാഷ്ട്ര സഭയെയും സമീപിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*