തൃശ്ശൂർ: കൊടകരയിൽ കാറിനു പിന്നിൽ ബസിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരം. മണ്ണുത്തി മുക്കാട്ടുകര സ്വദേശി അയ്യന്തോൾ വീട്ടിൽ 54 വയസുള്ള ക്രിസ്റ്റി, ഭാര്യ നിഷ ക്രിസ്റ്റിയുടെ സഹോദരൻ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ക്രിസ്റ്റിയുടെയും നിഷയുടെയും പരിക്ക് ഗുരുതരമാണ്.
മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിലെ കൊടകര കൊളത്തൂരിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം ഉണ്ടായത്. മുൻപിലുണ്ടായിരുന്ന ലോറി പെട്ടെന്ന് നിർത്തിയതിനെത്തുടർന്ന് ബ്രേക്ക് ചവിട്ടിയ കാറിനു പിന്നിൽ ബസിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാർ മുന്നിലുണ്ടായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ മൂന്നു പേരും കാർ യാത്രക്കാരാണ്. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്നു മൂന്നു വാഹനങ്ങളും. കൊടകര പോലീസും പുതുക്കാട് അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റ മൂന്നു പേരും തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.
Be the first to comment