പുഴയിൽ കുളിക്കാനിറങ്ങി; മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

ഇടുക്കി  മാങ്കുളം വല്യപാറകൂട്ടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.  മാങ്കുളം ആനക്കുളത്ത് നിന്ന് ഏതാണ്ട് ഒരു കിലോമീറ്ററോളം അകലെയുള്ള വല്യപാറകുട്ടിയിലാണ് അപകടം. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്.

സ്കൂളിൽ നിന്നും സ്റ്റഡി  ടൂറിനെത്തിയ  സംഘത്തിലെ  വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അഞ്ചു കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്.  നാട്ടുകാരടക്കം ഓടിയെത്തി നടത്തിയ  രക്ഷാപ്രവർത്തനത്തിന്നിടയില്‍ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. മൂന്നു കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആനക്കുളത്തിനു സമീപമുള്ള വലിയ പാറക്കുട്ടി പുഴയിൽ അപകട മരണങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ പുഴയില്‍ പൊലിഞ്ഞത് അഞ്ച് പേരുടെ ജീവനാണ്. മൂന്നാർ, ആനക്കുളം ഭാഗത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ വല്യപാറക്കുട്ടി പുഴയിൽ കുളിക്കാനിറങ്ങുക പതിവാണ്.

Be the first to comment

Leave a Reply

Your email address will not be published.


*