ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 160 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.  27 പന്തില്‍ 45 റണ്‍സുമായി ക്യാപ്റ്റന്‍ ദസുന്‍ ഷനക പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. അവസാന ഓവറില്‍ 13 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഓവറില്‍ 10 റണ്‍സെടുക്കാനാണ് ശ്രീലങ്കയ്ക്ക് സാധിച്ചത്. നാല് വിക്കറ്റ് നേടി ശിവം മാവി ടി20 അരങ്ങേറ്റം ഗംഭീരമാക്കി. ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

നേരത്തെ, സഞ്ജു സാംസണ്‍ (5) ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ദീപക് ഹൂഡയാണ് (41) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (29 പന്തില്‍ 37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ വാനിന്ദു ഹസരങ്ക ഒരു വിക്കറ്റെടുത്തു. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ 17 റണ്‍സ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തു. എന്നാല്‍ ആ ഒഴുക്ക് നിലനിര്‍ത്താന്‍ പിന്നീട് സാധിച്ചില്ല. മൂന്നാം ഓവറില്‍ മറ്റൊരു അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ (7) പുറത്താവുകയും ചെയ്തു. മഹീഷ് തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍. 

പിന്നീട് ദീപക് ഹൂഡ- അക്‌സര്‍ പട്ടേല്‍ (20 പന്തില്‍ 31) സഖ്യമാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തിയത്. ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഹസരങ്കയ്ക്ക് പുറമെ ദില്‍ഷന്‍ മധുഷനക, മഹീഷ് തീക്ഷണ, ചാമിക കരുണാരത്‌നെ, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Be the first to comment

Leave a Reply

Your email address will not be published.


*